Thursday, 15 October 2015

Bihar Elections

ബിഹാറില്‍ എന്‍ഡിഎ സഖ്യം വന്‍ മുന്നേറ്റം നടത്താനുള്ള സാധ്യതകള്‍ തന്നെയാണു തെളിഞ്ഞുവരുന്നതെന്നാണ് എന്റെയൊരു കണക്കുകൂട്ടല്‍.
മൂന്നു കാരണങ്ങളാണ് അതിനുള്ളതെന്ന് എനിക്കു തോന്നുന്നു:

1. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള, മതേതര വിശാല സഖ്യമെന്ന് അവര്‍ വിളിക്കുന്ന, കൂട്ടുകെട്ട് ഒട്ടും കണ്‍വിന്‍സിങ് അല്ല എന്നതാണ്. ബിഹാറില്‍ ജാതിയടിസ്ഥാന രാഷ്ട്രീയം ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും ആ ജാതി രാഷ്ട്രീയം ലാലു പ്രസാദ് യാദവിനെ മറികടന്നു കഴിഞ്ഞു. ലാലുവിനെ ബിഹാര്‍ കൈവിട്ടിട്ട് ഒരു പതിറ്റാണ്ടില്‍ക്കൂടതലായെന്ന കാര്യം മറക്കരുത്. മാത്രമല്ല, ഇനി ജാതി തന്നെയാണ് അടിസ്ഥാനമെന്നു വയ്ക്കുക, മാഞ്ചിയെപ്പോലൊരു പ്രൈസ് ക്യാച്ച് കിട്ടിയ എന്‍ഡിഎയ്ക്കാണു അവിടെയും മുന്‍തൂക്കം.

2. ജാതീയതെയെക്കാള്‍ വര്‍ഗീയതയാണ് ബിഹാറില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ടു, മുസഫര്‍പൂര്‍ കലാപത്തിന്റെ അലകള്‍ യുപിയിലും ചേര്‍ന്നു കിടക്കുന്ന ബിഹാര്‍ മേഖലകളിലുമുണ്ടാക്കിയ ഇഫക്ട് എന്താണെന്നും. ഇപ്പോള്‍, ദാദ്രിയടക്കമുള്ള സംഭവങ്ങള്‍ വര്‍ഗീയ പോളറൈസേഷന്റെ എരിതീയില്‍ എണ്ണയൊഴിക്കുന്നുണ്ടെന്നതും അതാര്‍ക്കു ഗുണം ചെയ്യുമെന്നതും എന്‍ബഡീസ് ഗസ് ആണ്.

3. നിതീഷ്കുമാറിന്റെ വികസന മന്ത്ര-തന്ത്രങ്ങളെക്കാള്‍ വളരെ ലൌഡ് ആയ, കൂടതല്‍ കണ്‍വിന്‍സിങ് ആയ റെറ്ററിക് ആണ് എന്‍ഡിഎ ദേശവ്യാപകമായി നടത്തുന്നത്. ആ ഗെയിമില്‍ നീതീഷ് തോറ്റുപോവുകയേയുള്ളൂ.
ബിഹാറില്‍ സ്ഥിതി നെക് ടു നെക് ആണെന്നും സോ ക്ലോസ് എ കണ്ടസ്റ്റ് എന്നുമൊക്കെ സര്‍വേ ഫലം നിരത്തുന്ന മാധ്യമങ്ങള്‍ക്കു ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു, നിങ്ങളു പിന്നേം നാണം കെടും!
...
അതിരിക്കട്ടെ, അല്‍പം ആത്മരതി ദയവായി അനുവദിച്ചാലും.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ്, അന്നു പത്രപ്രവര്‍ത്തകനായിരുന്ന ഞാന്‍ ബിഹാറിലെത്തുന്നത്. ഉദ്ദേശം തിരഞ്ഞെടുപ്പു കവറേജ്. അന്നത്തെ ജെഡിയു-ബിജെപി സഖ്യത്തിന്റെ ബിഹാറിലെ താരപ്രചാരകന്‍ നിതീഷ് തന്നെ. വികസന നായകന്‍ എന്നൊക്കെയുള്ള ഇമേജുമായി നിതീഷ് തിളങ്ങി നില്‍ക്കുന്ന കാലം. മറുപക്ഷത്ത്, കാട്ടുകള്ളന്‍ ഇമേജുമായി ലാലുവും എണീക്കാന്‍ പോലുമാവതില്ലാത്ത പസ്വാന്റെ എല്‍ജെപിയും പിന്നെ നോണ്‍ എക്സിസ്റ്റന്റ് ആയ കോണ്‍ഗ്രസും ചേര്‍ന്ന ലൊട്ടുലൊടുക്കു സംവിധാനം.
അങ്ങനെയിരിക്കെ ഒരുനാള്‍ നിതീഷ് കുമാറിനെ കാണുന്നു.  ഹെലികോട്പടറില്‍ പ്രചാരണത്തിനു പോകുമ്പോള്‍ കൂടെപ്പോന്നോളൂ എന്നു ക്ഷണം. അങ്ങനെ പുറപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹി ലേഖകനും ഒപ്പമുണ്ട്.
നിതീഷ് കുമാര്‍ ഒരു നോ-നോണ്‍സന്‍സ് മാനാണ്. പഴയ സോഷ്യലിസ്റ്റുകള്‍ക്കെല്ലാമുള്ള പോലെ ഒരു പരുക്കന്‍ മട്ട് മുഖത്തുണ്ടെങ്കിലും കണ്ടാല്‍ ഭയങ്കര സ്നേഹം തോന്നിപ്പിക്കുന്ന രൂപം. ക്ളീഷേ പ്രയോഗിച്ചാല്‍ പഴയ സ്നേഹമുള്ള സിംഹം ലൈന്‍.
അടിമുടി കാര്യമാത്ര പ്രസക്തന്‍. ബുദ്ധിശാലി. ബിഹാറിനെക്കുറിച്ച് വിഷനുള്ള ഭരണാധികാരി.  ഗ്രൌണ്ട് റിയാലിറ്റയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാള്‍. ഷാര്‍പ്. അന്ന് ദേശീയതലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ഒരു സ്ഥിതിയുണ്ടായാല്‍ പ്രധാനമന്ത്രി പോലുമായേക്കാമെന്ന റേറ്റിങ് ഉള്ളയാള്‍.
അന്നു കണ്ട നിതീഷല്ല ഇന്ന് ബിഹാറിലുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ആധികാരിതയുള്ള ശബ്ദമാകേണ്ടിയിരുന്ന നിതീഷ്, ഇപ്പോള്‍ ബിഹാറിലെ ഒരു പ്രാദേശിക നേതാവു മാത്രമാണ്. എങ്ങനെയും ഭരണത്തില്‍ പിടിച്ചുനില്‍ക്കാനായി വിഭ്രാന്തി കാണിക്കുന്ന ഒരു റീജിയനല്‍ സത്രപ്. നിതീഷ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമായിപ്പോയ ഒരു ചാന്‍സ് ആണ്. (കേരളത്തിന് എ.കെ ആന്റണിയെപ്പോലെ - അത് എങ്ങനെയെന്ന് പിന്നീടൊരു പോസ്റ്റില്‍ വിശദീകരിക്കുന്നതാണ്. അതുവരെ പൊങ്കാല സമിതികള്‍ വെയിറ്റു ചെയ്യണം.)

അന്നത്തെ, ആ ആകാശയാത്രയുടെ കഥയാണ് താഴെ -

¦-µÞ-Ö-‚ß-ù-µßW- Ìß-ÙÞ-ùß-æa 
Õß-µ-Ø-È-Éá-øá-×X-

ചിരിക്കുന്ന നിതീഷ് കുമാറിനെ കുട്ടികൾ കണ്ടാൽ മലയാളത്തിൽ ഇങ്ങനെ വിളിക്കും: അപ്പൂപ്പാ...!.പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, എ.കെ. ആന്റണിയെപ്പോലെ വാച്ചും ഉമ്മൻ ചാണ്ടിയെപ്പോലെ മൊബൈലും ഉപയോഗിക്കാത്ത ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ്‌കുമാർ, വി.എസ്. അച്യൂതാനന്ദനെപ്പോലെ വളരെ പിശുക്കിയേ ചിരിക്കൂ. 
വേണമെങ്കിൽ മനസ്സുതുറന്നൊന്നു ചിരിക്കാവുന്ന രാഷ്‌ട്രീയ അന്തരീക്ഷമാണു ബിഹാറിൽ ഇപ്പോഴുള്ളത്. പക്ഷേ, അടിമുടി കാര്യമാത്ര പ്രസക്‌തമാണ് ഈ മുഖ്യമന്ത്രിയുടെ കാര്യം. 

ബിഹാറിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസമാണ്. പട്‌നയിൽ നിന്നു മൂന്നുറ്റൻപതു കിലോമീറ്റർ അകലെ കടിഹാർ മണ്ഡലത്തിലാണ് നിതീഷ്‌കുമാറിന്റെ ആദ്യത്തെ പ്രചാരണയോഗം. യാത്ര ഹെലികോപ്‌റ്ററിൽ. തിരുവനന്തപുരം സ്വദേശി എസ്. മഹേഷാണു കോപ്‌റ്റർ ക്യാപ്‌റ്റൻ. പ്രതിപക്ഷ നേതാവ് എൽ.കെ. അഡ്വാനിക്കു വേണ്ടി പ്രത്യേകം തയാറാക്കിയ കോപ്‌റ്ററാണിത്. ഇന്നലെ വരെ അഡ്വാനിയോടൊപ്പമായിരുന്നു. അദ്ദേഹം അഹമ്മദാബാദിലേക്കു പോയപ്പോൾ നിതീഷിനു വേണ്ടി ഇവിടേക്ക് അയച്ചതാണ് – മഹേഷ് പറഞ്ഞു. 

രാവിലെ പത്തുമണിയോടെ പട്‌ന വിമാനത്താവളത്തോടു ചേർന്നുള്ള സ്‌റ്റേറ്റ് ഹെലിപാഡിൽ നിന്നാണു മുഖ്യമന്ത്രിയെയും കൊണ്ടു മഹേഷിന്റെ ഹെലികോപ്‌റ്റർ പുറപ്പെടുന്നത്. മാധ്യമപ്രവർത്തകർ കൂടി നിൽപ്പുണ്ട്: മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും കിട്ടുമോ? 
എങ്ങനെ കിട്ടാൻ! 
കാറിൽ നിന്നിറങ്ങിയ നിതീഷ് നേരെ ഹെലികോപ്‌റ്ററിലേക്കു കയറി. വാതിൽക്കൽ മൈക്കു നീട്ടി രണ്ടു ചാനൽ പെൺകുട്ടികൾ, ‘സർ, ഒറ്റ വാക്കുമതി. സമയമൊട്ടുമെടുക്കില്ല’. ഏതു നേതാവും വീണു പോകുന്ന അഭ്യർഥനയ്‌ക്കു മുന്നിലും നിതീഷ്‌കുമാറിന്റെ മനസ്സലിഞ്ഞില്ല. 

ഹെലികോപ്‌റ്ററിന്റെ വാതിലുകൾ അടഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘എത്ര ഇന്റർവ്യൂ കൊടുക്കും ഒരു ദിവസം. അവരോടൊക്കെ ആവശ്യത്തിലേറെ ഞാൻ സംസാരിച്ചതാണ്. ഒരുദിവസം ഒപ്പം കൊണ്ടുപോയതുമാണ്.’ നിതീഷ്‌കുമാറിന്റെ രീതി അതാണ്. മാധ്യമങ്ങളുമായി അങ്ങേയറ്റം സൗഹൃദത്തിലാണു മുഖ്യനെങ്കിലും ആവശ്യമില്ലാത്ത സംസാരമില്ല. അനാവശ്യമായ വിവാദങ്ങൾക്കുമില്ല. 

നിമിഷനേരം കൊണ്ട് ആകാശപ്പറവ മുകളിലേക്കുയർന്നു.  ബിഹാർ മുഖ്യമന്ത്രിയുടെ ഈ ദിവസത്തെ യാത്ര തുടങ്ങുകയായി. ഒന്നേകാൽ മണിക്കൂർ പറക്കലുണ്ട് ആദ്യത്തെ യോഗസ്‌ഥലത്തേക്ക്. നിതീഷ് പതുക്കെ പത്രങ്ങളിലേക്കു തലപൂഴ്‌ത്തി. ആദ്യം ഇംഗ്ലിഷ്. പിന്നെ ഹിന്ദി. ഒപ്പം, അന്നത്തെ പ്രധാന വാർത്തകൾ വായിച്ചും ടിവിയിൽ കണ്ടും പഴ്‌സനൽ സ്‌റ്റാഫ് തയാറാക്കിയ ഫയലുമുണ്ട്. പത്രത്തിൽ നിന്നു കണ്ണെടുക്കാതെ നിതീഷ് പറഞ്ഞു, ‘നാലുഘട്ടം തിരഞ്ഞെടുപ്പായതു കൊണ്ട് ഒരു മാസമായി വിശ്രമമില്ല. പത്രം വായനപോലും ഇങ്ങനെയാണ്. മേയ് ഏഴു കഴിഞ്ഞാലേ കുറച്ചെങ്കിലും സമാധാനമുണ്ടാകൂ...’. 

ഹെലികോപ്‌റ്റർ ജാലകത്തിലൂടെ നോക്കുമ്പോൾ കാണുന്ന, കൂറ്റനൊരു പാമ്പ് പൊഴിച്ചിട്ട പടംപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പുഴയുടെ പേരു മുഖ്യമന്ത്രി തന്നെ പറഞ്ഞുതന്നു: കോസി. നേപ്പാളിൽ ഉത്ഭവിച്ച് ഗംഗയിലേക്കു ചേരുന്ന കോസി ബിഹാറിൽ തിരഞ്ഞെടുപ്പു വിഷയമാണ് ഇത്തവണ. കഴിഞ്ഞ വർഷം കോസിയിലുണ്ടായ മഹാപ്രളയം നാലഞ്ചു ബിഹാർ ജില്ലകളെ അപ്പാടേ ഒഴുക്കിക്കളഞ്ഞിരുന്നു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മികവ് ഭരണമുന്നണി വിഷയമാക്കുമ്പോൾ, സർക്കാർ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. 

കടിഹാർ മണ്ഡലത്തിലെ മണിഹരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്‌റ്റർ ഇറങ്ങി. മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോൾ കേട്ട കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു: ‘വികസനപുരുഷൻ നിതീഷ്‌കുമാർ സിന്ദാബാദ്!’. നിതീഷ്‌കുമാറിന്റെ പ്രസംഗങ്ങളിലുമുണ്ട് വിശദമായി വികസനത്തിന്റെ വീരഗാഥ. എണ്ണിപ്പറയാനേറെയുണ്ട് നിധീഷിന്. 

വികസനം വിട്ടാൽ പിന്നെ വിമർശനം. ‘റയിൽവേയിൽ ലാലു മാജിക് കാണിച്ചുവെന്നാണു പറയുന്നത്. ലാലവും ഭാര്യയും കൂടി പത്തുപതിനഞ്ചു വർഷം ബിഹാർ ഭരിച്ചിട്ട് ഇവിടെ എന്തു മാജിക്കാണു കാണിച്ചത്? സ്വന്തം നാടിനെ രക്ഷിക്കാൻ കഴിയാത്തവരാണോ റയിൽവേയെ രക്ഷിച്ചുവെന്നു പറയുന്നത്. കഴിഞ്ഞ എൻഡിഎ സർക്കാർ ചെയ്‌ത കാര്യങ്ങളുടെ ഫലമാണു ലാലു കൊയ്‌തത്. (നിതീഷായിരുന്നു എൻഡിഎ സർക്കാരിലെ റയിൽവേ മന്ത്രി). ഞങ്ങളന്നേ പറഞ്ഞതാണ്, അടുത്ത സർക്കാരിലെ റയിൽവേ മന്ത്രിക്കു തെങ്ങിൽനിന്നു കരിക്കുവെട്ടി കുടിച്ചാൽ മാത്രം മതിയെന്ന്!!’. 

ലാലുവിനും പാസ്വാനുമെതിരെ ആഞ്ഞടിക്കുന്ന നിധീഷ് പക്ഷേ, കോൺഗ്രസിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. നിതീഷിന്റെ പാർട്ടി ജെഡിയുവിന്റെ ദേശീയ അധ്യക്ഷൻ ശരത് യാദവ് കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന അണിയറ വർത്തമാനം നാട്ടിലാകെ പ്രചരിക്കുന്നുമുണ്ട്. അഞ്ചു പൊതുയോഗങ്ങൾക്കിടയിലെ ഹെലികോപ്‌റ്റർ യാത്രയുടെ ഇടവേളയിൽ നിതീഷ് അൽപ്പം രാഷ്‌ട്രീയം സംസാരിച്ചു. കാതടപ്പിക്കുന്ന ശബ്‌ദമാണു ഹെലികോപ്‌റ്റർ ക്യാബിനുള്ളിൽ. നീണ്ട സംസാരത്തിനു സാധ്യതയില്ല. നിതീഷാവട്ടെ, അത്തരം സംസാരത്തിന്റെ ആളുമല്ല. 

അഭിമുഖത്തിൽ നിന്ന്: 

∙ പ്രസംഗങ്ങളിൽ ദേശീയ വിഷയങ്ങളൊന്നും സ്‌പർശിക്കുന്നില്ലല്ലോ, ഇതു ലോക്‌സഭാ തിരഞ്ഞെടുപ്പല്ലേ? 

ദേശീയ വിഷയങ്ങളും പറയുന്നുണ്ട്. പിന്നെ ഇവിടെ ബിഹാറിലെ കാര്യങ്ങൾ പറഞ്ഞല്ലേ പറ്റൂ. ഇവിടെ വികസനത്തിന്റെ വിഷയങ്ങളുണ്ട്. വെള്ളപ്പൊക്കത്തിന്റെ പ്രശ്‌നമുണ്ട്. അതെല്ലാം പ്രധാനമാണ്. അത്തരം കാര്യങ്ങൾ പറഞ്ഞേ പറ്റൂ. 

∙ ബിഹാറിലെ ജനങ്ങൾ നിങ്ങൾക്കു വോട്ടു ചെയ്യേണ്ടത്, കേന്ദ്രത്തിൽ എൻഡിഎ സർക്കാർ വരാൻ വേണ്ടിയോ, അതോ ഇവിടെ താങ്കളുടെ സർക്കാർ ചെയ്‌ത കാര്യങ്ങൾക്കു വേണ്ടിയോ? 

രണ്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിന്റെ അടിസ്‌ഥാനത്തിലാണു ഞങ്ങൾ വോട്ടു ചോദിക്കുന്നത്. ബിഹാറിൽ ഭരണമുണ്ടെന്നു ജനങ്ങൾക്കു ബോധ്യമായത് ഇപ്പോഴാണ്. ദാരിദ്ര്യത്തിന്റെയും അക്രമങ്ങളുടെയുമൊക്കെ പേരിൽ ‘കുപ്രസിദ്ധി’ നേടിയ ബിഹാർ ഇപ്പോൾ അതിന്റെ പേരിലൊന്നുമല്ല അറിയപ്പെടുന്നത്. ബിഹാറിലെ സ്‌ത്രീ സംവരണ കാര്യം ഇപ്പോൾ രാജ്യം ചർച്ചചെയ്യുന്നു. വിദ്യാഭ്യാസ മാതൃക, പ്രത്യേകിച്ചും പെൺകുട്ടികളുടേതു ചർച്ചയാകുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൂവായിരം കുറ്റവാളികളെ കോടതിയുടെ മുന്നിൽ കൊണ്ടു വന്നു. ഇവിടെ നിയമവാഴ്‌ചയുണ്ടെന്ന സ്‌ഥിതി വന്നു. ബിഹാർ ഇനി ചീത്തപ്പേരുള്ള ഒരു സംസ്‌ഥാനമല്ല. പെർഫോം ചെയ്യുന്ന ഒരു സർക്കാർ ഇതുപോലെ കേന്ദ്രത്തിലുമുണ്ടാവണം. 

∙ താങ്കളുടെ ദേശീയ പ്രസിഡന്റ് കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്ന് അഭ്യൂഹമുണ്ടല്ലോ. ജെഡിയു തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയിൽ തന്നെ ഉണ്ടാവുമോ? 

വെറും ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വാർത്തകളാണ് ഇതൊക്കെ. ജെഡിയു എൻഡിഎ മുന്നണിയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അതിൽ മാറ്റവുമുണ്ടാവില്ല. 

∙ റയിൽവേയുടെ വികസനത്തിനു വേണ്ടി ലാലുപ്രസാദ് യാദവ് ഒന്നും ചെയ്‌തിട്ടില്ലെന്നാണല്ലോ പ്രസംഗങ്ങളിൽ പറയുന്നത്? 

ലാലു മാനേജ്‌മെന്റ് ഗുരുവാണെന്നാണു പറയുന്നത്. അങ്ങനെയെങ്കിൽ 15 വർഷത്തെ ഭരണം കൊണ്ടു ബിഹാറിനെ സ്വർഗതുല്യമാക്കേണ്ടതായിരുന്നല്ലോ. ലാലു മാനേജ്‌മെന്റ് ഗുരുവല്ല, മിസ്‌മാനേജ്‌മെന്റ് ഗുരുവാണ്. 

∙ ബിഹാറിൽ കോൺഗ്രസ് ഒറ്റയ്ക്കാണല്ലോ ഇത്തവണ. ഇതു സംസ്‌ഥാനത്തു രാഷ്‌ട്രീയമായി എന്തു മാറ്റങ്ങളാണുണ്ടാക്കുക? 

കോൺഗ്രസിന് ഇവിടെ കാര്യമായ സ്വാധീനമില്ലല്ലോ. പല പാർട്ടികളിൽ നിന്നുള്ളവരെ സ്വീകരിച്ചാണ് അവർ സ്‌ഥാനാർഥികളെപ്പോലും നിർണയിച്ചത്. ഞങ്ങളുടെ പാർട്ടിയിൽ നിന്നുള്ളവരെപ്പോലും അവർ സ്‌ഥാനാർഥികളാക്കി. അതൊന്നും വലിയ മാറ്റമുണ്ടാക്കില്ല. 

∙ ഈ ഹെലികോപ്‌റ്റർ, എൽ.കെ അഡ്വാനിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്‌തതാണെന്നു പൈലറ്റ് പറയുന്നു. കഴിഞ്ഞദിവസം വരെ ഇതിൽ എൻഡിഎയുടെ പ്രധാനമന്ത്രിസ്‌ഥാനാർഥി അഡ്വാനിയാണു സഞ്ചരിച്ചത്. 2014ലെ പ്രധാനമന്ത്രിയാരാവും എന്ന ചർച്ചയാവട്ടെ, ഇപ്പോൾ തന്നെ തുടങ്ങിയിട്ടുമുണ്ട്. 2014ൽ നിധീഷ്‌കുമാറുണ്ടാവുമോ പ്രധാനമന്ത്രിപദത്തിനു വേണ്ടിയുള്ള മൽസരത്തിന്? 

(പതിയെ വിടരുന്ന ചിരിയോടെ) അതിനൊന്നും ഞാനില്ല. ബിഹാറിന്റെ വികസനമെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ എനിക്കുള്ളത്. ബാക്കിയെല്ലാം പിന്നെ. 

ഹെലികോപ്‌റ്റർ പട്‌ന വിമാനത്താവളത്തിലേക്കു താഴുകയാണ്. 
സീറ്റ് ബെൽറ്റിട്ടു മുഖ്യമന്ത്രി ലാൻഡിങ്ങിനു തയാറായി. ബെൽറ്റ് മുറുക്കിയോ എന്നു കരുതലോടെ അന്വേഷിച്ചു.  
താഴെ സന്ധ്യവീഴുന്ന ഹെലിപാഡിലേക്കു ബിഹാറിന്റെ മുഖ്യമന്ത്രിയെയും വഹിച്ച്, പ്രധാനമന്ത്രി സ്‌ഥാനാർഥിയുടെ ഹെലികോപ്‌റ്റർ ചിറകൊതുക്കുന്നു. 

No comments:

Post a Comment