Monday, 27 April 2015

വീ ആര്‍ XL!

(എന്നു വച്ചാല്‍ ഞങ്ങള്‍ എക്സലന്റ് ആണെന്ന്!) അല്‍പസ്വല്‍പം തടിയനായ ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ എഴുതിയ 'ആത്മകഥാപരമായ' കുറിപ്പുകളുടെ ഹാഷ്ടാഗ് ഇങ്ങനെയായിരുന്നു - #101തടിവഴിപാട്! 'മറ്റുള്ളവര്‍ പറഞ്ഞു പറഞ്ഞാണ് ഞാന്‍ തടിയനായത്' എന്നായിരുന്നു അതിലെ ആദ്യ തടിയവാക്യം! കറകറക്ടാണ് സംഗതി. ഒരു തടിയനും അയാള്‍ തടിയനാണെന്നു സ്വയം തിരിച്ചറിയുന്നില്ല, കരുതുന്നുമില്ല.
കണ്ണാടിയിലും അതില്‍ പൂര്‍ണരൂപം കിട്ടാത്തതു കൊണ്ടു കടകളുടെയും മറ്റും ചില്ലിട്ട വാതിലുകളിലും സ്വന്തം പ്രതിബിംബം നോക്കി ഒാരോ തടിയനും സ്വയം പറയും - ഹേയ് അത്രയ്ക്കൊന്നുമില്ല. ശരീരത്തിന്റെ ഒാരോ ഭാഗമായെടുത്ത് വിലയിരുത്തി അതിനെ സാധൂകരിക്കാനുള്ള സംഗതികളും കണ്ടെത്തും. ശരിയാണ്, ഒാരോന്നോരോന്നായി സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ ശരീരത്തിന് തടിയുണ്ടെന്നു തോന്നുകയേയില്ല.
101 തടിവഴിപാടിലെ മറ്റു ചില കണ്ടെത്തലുകള്‍ അക്ഷരം പ്രതി ശരിയാണ്. തടിയന്മാര്‍ക്ക് ഒരു സാധനവും വൃത്തിയായി ഉപയോഗിക്കാന്‍ കഴിയില്ല. അതു ലാപ്ടോപായാലും ഫോണായാലും ഷര്‍ട്ടോ ചെരുപ്പോ ഷൂസോ ആയാലും, എന്തിനേറെ ഒരു പേന പോലും. കാരണം, തടിയന്‍ സ്വയമറിയാതെ അയാള്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഒരു അധികബലം കൊടുക്കും. സാധാരണ ഒരാള്‍ ആറുമാസം ഉപയോഗിക്കുന്ന പേന ഒരു തടിയന് കൂടിയാല്‍ മൂന്നു മാസമേ ഉപയോഗിക്കാനാകൂ, അങ്ങനെ ഒാരോ വസ്തുവും. സംശയമുണ്ടെങ്കില്‍ കാണാന്‍ കിട്ടുന്ന ഒരു തടിയനെ ഇനിമുതല്‍ നിരീക്ഷച്ചോളൂ.
പൊതുവേ ഹൃദയാലുക്കളായിരിക്കും തടിയന്മാര്‍ എന്നാണ് ഫെയ്സ്ബുക്കിലെ സുഹൃത്തിന്റെ സാക്ഷ്യം. നല്ലതു തന്നെ. പക്ഷെ, ഹൃദയംപൊട്ടുന്ന മറ്റൊരു കാര്യവും ആ തടിയന്‍ പറയുന്നുണ്ട് - തടിയന്മാരോട് പെണ്‍കുട്ടികള്‍ക്ക് എപ്പോഴും സഹോദരഭാവമായിരിക്കും! തടിയന്മാരുടെ രൂപം പെണ്‍കുട്ടികള്‍ക്ക് ഒരുതരം സുരക്ഷിതത്വബോധം നല്‍കും. എല്ലാം ഉള്‍ക്കൊള്ളുന്നതരം ആ വിശാലതയുണ്ടല്ലോ അതാണ് അവരെ ആകര്‍ഷിക്കുക. എന്നാപ്പിന്നെ ഇൌ തടിയനെ അങ്ങു പ്രേമിച്ചു കൂടേ എന്നാണു പെങ്കുട്ട്യോളോടു ചോദ്യമെങ്കില്‍, അതു വേറെ, ഇതു വേറെ എന്നാവും നിലപാട്. പ്രേമിക്കാന്‍ നല്ലത് സ്ലിം സിക്സ്പാക്കുകാര്‍ തന്നെയാണ്. തടിയന്മാര്‍ ആജീവാനന്ത ബ്രദേഴ്സ്.
തടിയന്മാരുടെ കയ്യില്‍ പൊതുവേ കാശുനില്‍ക്കില്ല.  പണം കൈവിട്ടു കളിക്കും തടിയന്മാര്‍. അതും ഒരുപക്ഷേ നേരത്തെ പറഞ്ഞ ആ ഹൃദയവിശാലതയുടെ ഫലമാകും.
ചെറിയ കാറുകള്‍, ബൈക്ക്, സ്കൂട്ടര്‍, സൈക്കിള്‍, പ്ലാസ്റ്റിക് കസേരകള്‍ അങ്ങനെ തടിയന്മാര്‍ക്ക് അലര്‍ജിയുള്ള ചില സംഗതികളുണ്ട്. ബൈക്കിലോ സ്കൂട്ടറിലോ ഒരു തടിയന്‍ പോകുന്നതു കണ്ടാല്‍ ജനം ആര്‍ത്തലച്ചു ചിരിച്ച് പറയും - ദേ ഒരാന വണ്ടിയോടിച്ചു പോകുന്നു! പരിഹാസം കേട്ടു കേട്ട് അവര്‍ കാറുവാങ്ങും. ചെറിയ കാറാണെങ്കില്‍ അതില്‍ കയറിപ്പറ്റാനുള്ള സ്ട്രഗിള്‍ വേറെ! പ്ലാസ്റ്റിക് കസേരകളിലിരിക്കുകയാണു തടിയന്മാരുടെ ഏറ്റവും വലിയ ടെന്‍ഷന്‍. കഴിവതും അവരത് ഒഴിവാക്കാന്‍ ശ്രമിക്കും. ഒരു നിവൃത്തിയുമില്ലെങ്കിലും രണ്ടു കസേരകള്‍ ഒന്നിനു മുകളിലൊന്നായി ഇടും. തടിയന്മാര്‍ പൊതുവേ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ദീര്‍ഘനേരം നില്‍ക്കുന്നത് എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഉറപ്പിച്ചോളൂ - സ്ഥലത്ത് പ്ലാസ്റ്റിക് കസേര മാത്രമേ അവയ്ലബിള്‍ ആയിട്ടുള്ളൂ!
പക്ഷേ, ഇതൊന്നുമല്ല  പാവപ്പെട്ട തടിയന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് വസ്ത്രങ്ങള്‍ വാങ്ങുകയെന്നതു തന്നെ! നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ അടിവസ്ത്രങ്ങള്‍ ഏതു സൈസിലും കിട്ടും, എത്ര തടിയുണ്ടെങ്കിലും അതൊരു പ്രശ്നമല്ല. പക്ഷെ, മേല്‍വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇൌയൊരു ഉദാരസമീപനം നമ്മുടെ വസ്ത്രവ്യാപാരികള്‍ക്കില്ലാത്തത് എന്തുകൊണ്ടാണെന്നത് അവ്യക്തം.
തടിയന്മാരോട് വലിയ അനീതിയാണ് അവര്‍ കാട്ടുന്നത്. മിക്കവാറും ഷോപ്പുകളില്‍ പോയാല്‍ 44 നപ്പുറം ഷര്‍ട്ടും 38 നപ്പുറം പാന്റ്സും കിട്ടുക ബുദ്ധിമുട്ടാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ, രണ്ടോ മൂന്നോ പീസ്. ഇഷ്ടപ്പെട്ട കളര്‍, ഡിസൈന്‍ ഒന്നും കിട്ടില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. അങ്ങനെയിരിക്കെയാണ് കോട്ടയം നഗരത്തില്‍ കലക്ട്രേറ്റിന് എതിര്‍വശത്ത് തടിയന്മാര്‍ക്കു മാത്രമായി ഒരു ഷോപ്പ് തുടങ്ങുന്നത്. പേരു തന്നെ തടിയന്മാരുടെ മനസറിഞ്ഞിട്ടതാണ് - XL!  എന്നുവച്ചാല്‍ എക്സ്ട്രാ ലാര്‍ജ്. വസ്ത്രങ്ങളുടെ സൈസാണു സംഗതി!  (എക്സ്എല്‍ എന്നാല്‍ എക്സലന്റ് എന്നാണെന്ന് തടിയന്മാരുടെ വ്യാഖ്യാനം.)
ജസ്റ്റിസ് കെ.ടി തോമസും പി.സി ജോര്‍ജ് എംഎല്‍എയുമാണ് കട ഉദ്ഘാടനം ചെയ്തത്. നാക്കിന്റെ കാര്യത്തില്‍ മാത്രമല്ല, തടിയിലും കോട്ടയത്തെ ഏറ്റവും 'വലിയ' രാഷ്ട്രീയക്കാരന്‍ പി.സി ജോര്‍ജ് തന്നെ! സ്വന്തം സൈസില്‍ ഷര്‍ട്ടു കിട്ടില്ലെന്നതു തന്നെയാണ് ജോര്‍ജിന്റെയും പ്രശ്നം. തടിയുടെ കാര്യത്തില്‍ ജോര്‍ജിനു വെല്ലുവിളിയാകുന്ന കോട്ടയത്തെ രാഷ്ട്രീയക്കാരന്‍ എന്‍സിപിയുടെ ദേശീയ നേതാവായ ജിമ്മി ജോര്‍ജ്. സ്വന്തം പാര്‍ട്ടിയുടേതിന് ആനുപാതികമായ വലിപ്പമല്ല ജിമ്മിക്കുള്ളത്, അതുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാനനേതാവായ ഉഴവൂര്‍ വിജയനെ ഒപ്പം നിര്‍ത്തിയാണു ബാലന്‍സ് ചെയ്യുന്നത്. രണ്ടും പേരും 'എക്സ്എല്‍' ഉദ്ഘാടനത്തിനു വന്നു. ജിമ്മിയുടെ പ്രശ്നം ഷര്‍ട്ടല്ല, ചെരുപ്പാണ്, എത്ര കടയില്‍ കയറിയാലും കാലു കേറുന്ന ചെരുപ്പു കിട്ടില്ലത്രേ.
കോട്ടയത്തെ മറ്റു നേതാക്കളെല്ലാം പൊതുവേ സ്ലിമ്മന്മാരാണ്. അവരില്‍ ഏറ്റവും സുമുഖന്മാരെന്നു പറയാവുന്ന സുരേഷ് കുറുപ്പും മോന്‍സ് ജോസഫും  കോളജ് കാലം മുതലേ ശരീരവലിപ്പം ഏതാണ്ട് ഒരേ നിലയില്‍ കാത്തുസൂക്ഷിക്കുന്നവര്‍. ഇരുവരും തടിയന്മാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉദ്ഘാടനച്ചടങ്ങിനെത്തി. മോന്‍സിന്റെ നേതാവായ കെ.എം മാണിയാവണം ഒരുപക്ഷേ കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞയാള്‍. പശതേച്ച് മിനുക്കിയലക്കിത്തേച്ച ഉടുപ്പിലാണ് മാണിയുടെ ഗാംഭീര്യം നില്‍ക്കുന്നത്.  നിതാന്ത സഞ്ചാരിയായതു കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തടിവയ്ക്കാന്‍ ഒരിക്കലും കഴിയുമെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ഒന്നു തടിക്കാമെന്ന തരം ശരീരപ്രകൃതിയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനാവട്ടെ  അതു സംഭവിക്കാതെ ശരീരം നോക്കുന്നുണ്ട്. കെ.സി ജോസഫും പണ്ടേ മെലിഞ്ഞാണ്. മുന്‍പു തടിയന്മാരുടെ ക്ളബിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ യോഗയിലൂടെയാണു തടികുറച്ചത്, പ്രത്യേകിച്ചും സൂര്യനമസ്കാരം.
പൊതുവേ തടിയന്മാര്‍ക്ക് ഇത്തരം അഭ്യാസങ്ങളോടു താല്‍പര്യമുണ്ടാവില്ല. യോഗയില്‍ ശവാസനമായിരിക്കും ഏറ്റവും പ്രിയം, ഇടയ്ക്കുള്ളതൊന്നും ചെയ്യാതെ നേരേ അതിലേക്കു പോകും. രാവിലെ മോണിങ് വാക്കിനും ജോഗിങ്ങിനുമൊക്കെ ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെടും. മൂന്നാം ദിവസം, തണുപ്പാണ്, മഴയാണ്, പട്ടി കടിക്കാന്‍ വന്നു എന്നൊക്കെപ്പറഞ്ഞ് പരിപാടി നിര്‍ത്തും. പിന്നെ, ട്രെഡ് മില്‍ വാങ്ങും. മൂന്നാഴ്ച അതില്‍ നിരങ്ങി നീങ്ങും. നാലാം ആഴ്ച മുതല്‍ അതില്‍ അലക്കിയ തുണി ഉണങ്ങാനിടും. വീട്ടുകാരുടെ ശല്യം സഹിക്കാന്‍ കഴിയാതാകുമ്പോള്‍, കുറച്ചുകാലം മുന്‍പ്  ബ്രിട്ടനിലെ ഏതോ ചില ഗവേഷകര്‍ കണ്ടു പിടിച്ച കാര്യം എടുത്തു മുന്നിലിടും - തടിയന്മാര്‍ കൂടുതല്‍ കാലം ജീവിക്കും!  
അവര്‍ ജീവിക്കട്ടെ, ഇൌ ലോകത്തെ സുന്ദരമാക്കുന്നത്, ആ സ്നേഹമുള്ള ആനച്ചന്തങ്ങള്‍ കൂടി ചേര്‍ന്നാണ്!

2 comments:

  1. തടിയന്മാര്‍ കൂടുതല്‍ കാലം ജീവിക്കും!
    അവര്‍ ജീവിക്കട്ടെ, ഇൌ ലോകത്തെ സുന്ദരമാക്കുന്നത്, ആ സ്നേഹമുള്ള ആനച്ചന്തങ്ങള്‍ കൂടി ചേര്‍ന്നാണ്

    ReplyDelete
  2. ഇത് അനീതിയാണ് തടിച്ചികള്‍ക്കും വേണ്ടേ ഇങ്ങനെ വല്ലതും...?

    ReplyDelete