Monday 27 April 2015

വീ ആര്‍ XL!

(എന്നു വച്ചാല്‍ ഞങ്ങള്‍ എക്സലന്റ് ആണെന്ന്!) 



അല്‍പസ്വല്‍പം തടിയനായ ഒരു സുഹൃത്ത് ഫെയ്സ്ബുക്കില്‍ എഴുതിയ 'ആത്മകഥാപരമായ' കുറിപ്പുകളുടെ ഹാഷ്ടാഗ് ഇങ്ങനെയായിരുന്നു - #101തടിവഴിപാട്! 'മറ്റുള്ളവര്‍ പറഞ്ഞു പറഞ്ഞാണ് ഞാന്‍ തടിയനായത്' എന്നായിരുന്നു അതിലെ ആദ്യ തടിയവാക്യം! കറകറക്ടാണ് സംഗതി. ഒരു തടിയനും അയാള്‍ തടിയനാണെന്നു സ്വയം തിരിച്ചറിയുന്നില്ല, കരുതുന്നുമില്ല.
കണ്ണാടിയിലും അതില്‍ പൂര്‍ണരൂപം കിട്ടാത്തതു കൊണ്ടു കടകളുടെയും മറ്റും ചില്ലിട്ട വാതിലുകളിലും സ്വന്തം പ്രതിബിംബം നോക്കി ഒാരോ തടിയനും സ്വയം പറയും - ഹേയ് അത്രയ്ക്കൊന്നുമില്ല. ശരീരത്തിന്റെ ഒാരോ ഭാഗമായെടുത്ത് വിലയിരുത്തി അതിനെ സാധൂകരിക്കാനുള്ള സംഗതികളും കണ്ടെത്തും. ശരിയാണ്, ഒാരോന്നോരോന്നായി സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ ശരീരത്തിന് തടിയുണ്ടെന്നു തോന്നുകയേയില്ല.
101 തടിവഴിപാടിലെ മറ്റു ചില കണ്ടെത്തലുകള്‍ അക്ഷരം പ്രതി ശരിയാണ്. തടിയന്മാര്‍ക്ക് ഒരു സാധനവും വൃത്തിയായി ഉപയോഗിക്കാന്‍ കഴിയില്ല. അതു ലാപ്ടോപായാലും ഫോണായാലും ഷര്‍ട്ടോ ചെരുപ്പോ ഷൂസോ ആയാലും, എന്തിനേറെ ഒരു പേന പോലും. കാരണം, തടിയന്‍ സ്വയമറിയാതെ അയാള്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഒരു അധികബലം കൊടുക്കും. സാധാരണ ഒരാള്‍ ആറുമാസം ഉപയോഗിക്കുന്ന പേന ഒരു തടിയന് കൂടിയാല്‍ മൂന്നു മാസമേ ഉപയോഗിക്കാനാകൂ, അങ്ങനെ ഒാരോ വസ്തുവും. സംശയമുണ്ടെങ്കില്‍ കാണാന്‍ കിട്ടുന്ന ഒരു തടിയനെ ഇനിമുതല്‍ നിരീക്ഷച്ചോളൂ.
പൊതുവേ ഹൃദയാലുക്കളായിരിക്കും തടിയന്മാര്‍ എന്നാണ് ഫെയ്സ്ബുക്കിലെ സുഹൃത്തിന്റെ സാക്ഷ്യം. നല്ലതു തന്നെ. പക്ഷെ, ഹൃദയംപൊട്ടുന്ന മറ്റൊരു കാര്യവും ആ തടിയന്‍ പറയുന്നുണ്ട് - തടിയന്മാരോട് പെണ്‍കുട്ടികള്‍ക്ക് എപ്പോഴും സഹോദരഭാവമായിരിക്കും! തടിയന്മാരുടെ രൂപം പെണ്‍കുട്ടികള്‍ക്ക് ഒരുതരം സുരക്ഷിതത്വബോധം നല്‍കും. എല്ലാം ഉള്‍ക്കൊള്ളുന്നതരം ആ വിശാലതയുണ്ടല്ലോ അതാണ് അവരെ ആകര്‍ഷിക്കുക. എന്നാപ്പിന്നെ ഇൌ തടിയനെ അങ്ങു പ്രേമിച്ചു കൂടേ എന്നാണു പെങ്കുട്ട്യോളോടു ചോദ്യമെങ്കില്‍, അതു വേറെ, ഇതു വേറെ എന്നാവും നിലപാട്. പ്രേമിക്കാന്‍ നല്ലത് സ്ലിം സിക്സ്പാക്കുകാര്‍ തന്നെയാണ്. തടിയന്മാര്‍ ആജീവാനന്ത ബ്രദേഴ്സ്.
തടിയന്മാരുടെ കയ്യില്‍ പൊതുവേ കാശുനില്‍ക്കില്ല.  പണം കൈവിട്ടു കളിക്കും തടിയന്മാര്‍. അതും ഒരുപക്ഷേ നേരത്തെ പറഞ്ഞ ആ ഹൃദയവിശാലതയുടെ ഫലമാകും.
ചെറിയ കാറുകള്‍, ബൈക്ക്, സ്കൂട്ടര്‍, സൈക്കിള്‍, പ്ലാസ്റ്റിക് കസേരകള്‍ അങ്ങനെ തടിയന്മാര്‍ക്ക് അലര്‍ജിയുള്ള ചില സംഗതികളുണ്ട്. ബൈക്കിലോ സ്കൂട്ടറിലോ ഒരു തടിയന്‍ പോകുന്നതു കണ്ടാല്‍ ജനം ആര്‍ത്തലച്ചു ചിരിച്ച് പറയും - ദേ ഒരാന വണ്ടിയോടിച്ചു പോകുന്നു! പരിഹാസം കേട്ടു കേട്ട് അവര്‍ കാറുവാങ്ങും. ചെറിയ കാറാണെങ്കില്‍ അതില്‍ കയറിപ്പറ്റാനുള്ള സ്ട്രഗിള്‍ വേറെ! പ്ലാസ്റ്റിക് കസേരകളിലിരിക്കുകയാണു തടിയന്മാരുടെ ഏറ്റവും വലിയ ടെന്‍ഷന്‍. കഴിവതും അവരത് ഒഴിവാക്കാന്‍ ശ്രമിക്കും. ഒരു നിവൃത്തിയുമില്ലെങ്കിലും രണ്ടു കസേരകള്‍ ഒന്നിനു മുകളിലൊന്നായി ഇടും. തടിയന്മാര്‍ പൊതുവേ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ദീര്‍ഘനേരം നില്‍ക്കുന്നത് എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഉറപ്പിച്ചോളൂ - സ്ഥലത്ത് പ്ലാസ്റ്റിക് കസേര മാത്രമേ അവയ്ലബിള്‍ ആയിട്ടുള്ളൂ!
പക്ഷേ, ഇതൊന്നുമല്ല  പാവപ്പെട്ട തടിയന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് വസ്ത്രങ്ങള്‍ വാങ്ങുകയെന്നതു തന്നെ! നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ അടിവസ്ത്രങ്ങള്‍ ഏതു സൈസിലും കിട്ടും, എത്ര തടിയുണ്ടെങ്കിലും അതൊരു പ്രശ്നമല്ല. പക്ഷെ, മേല്‍വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇൌയൊരു ഉദാരസമീപനം നമ്മുടെ വസ്ത്രവ്യാപാരികള്‍ക്കില്ലാത്തത് എന്തുകൊണ്ടാണെന്നത് അവ്യക്തം.
തടിയന്മാരോട് വലിയ അനീതിയാണ് അവര്‍ കാട്ടുന്നത്. മിക്കവാറും ഷോപ്പുകളില്‍ പോയാല്‍ 44 നപ്പുറം ഷര്‍ട്ടും 38 നപ്പുറം പാന്റ്സും കിട്ടുക ബുദ്ധിമുട്ടാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ, രണ്ടോ മൂന്നോ പീസ്. ഇഷ്ടപ്പെട്ട കളര്‍, ഡിസൈന്‍ ഒന്നും കിട്ടില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. അങ്ങനെയിരിക്കെയാണ് കോട്ടയം നഗരത്തില്‍ കലക്ട്രേറ്റിന് എതിര്‍വശത്ത് തടിയന്മാര്‍ക്കു മാത്രമായി ഒരു ഷോപ്പ് തുടങ്ങുന്നത്. പേരു തന്നെ തടിയന്മാരുടെ മനസറിഞ്ഞിട്ടതാണ് - XL!  എന്നുവച്ചാല്‍ എക്സ്ട്രാ ലാര്‍ജ്. വസ്ത്രങ്ങളുടെ സൈസാണു സംഗതി!  (എക്സ്എല്‍ എന്നാല്‍ എക്സലന്റ് എന്നാണെന്ന് തടിയന്മാരുടെ വ്യാഖ്യാനം.)
ജസ്റ്റിസ് കെ.ടി തോമസും പി.സി ജോര്‍ജ് എംഎല്‍എയുമാണ് കട ഉദ്ഘാടനം ചെയ്തത്. നാക്കിന്റെ കാര്യത്തില്‍ മാത്രമല്ല, തടിയിലും കോട്ടയത്തെ ഏറ്റവും 'വലിയ' രാഷ്ട്രീയക്കാരന്‍ പി.സി ജോര്‍ജ് തന്നെ! സ്വന്തം സൈസില്‍ ഷര്‍ട്ടു കിട്ടില്ലെന്നതു തന്നെയാണ് ജോര്‍ജിന്റെയും പ്രശ്നം. തടിയുടെ കാര്യത്തില്‍ ജോര്‍ജിനു വെല്ലുവിളിയാകുന്ന കോട്ടയത്തെ രാഷ്ട്രീയക്കാരന്‍ എന്‍സിപിയുടെ ദേശീയ നേതാവായ ജിമ്മി ജോര്‍ജ്. സ്വന്തം പാര്‍ട്ടിയുടേതിന് ആനുപാതികമായ വലിപ്പമല്ല ജിമ്മിക്കുള്ളത്, അതുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാനനേതാവായ ഉഴവൂര്‍ വിജയനെ ഒപ്പം നിര്‍ത്തിയാണു ബാലന്‍സ് ചെയ്യുന്നത്. രണ്ടും പേരും 'എക്സ്എല്‍' ഉദ്ഘാടനത്തിനു വന്നു. ജിമ്മിയുടെ പ്രശ്നം ഷര്‍ട്ടല്ല, ചെരുപ്പാണ്, എത്ര കടയില്‍ കയറിയാലും കാലു കേറുന്ന ചെരുപ്പു കിട്ടില്ലത്രേ.
കോട്ടയത്തെ മറ്റു നേതാക്കളെല്ലാം പൊതുവേ സ്ലിമ്മന്മാരാണ്. അവരില്‍ ഏറ്റവും സുമുഖന്മാരെന്നു പറയാവുന്ന സുരേഷ് കുറുപ്പും മോന്‍സ് ജോസഫും  കോളജ് കാലം മുതലേ ശരീരവലിപ്പം ഏതാണ്ട് ഒരേ നിലയില്‍ കാത്തുസൂക്ഷിക്കുന്നവര്‍. ഇരുവരും തടിയന്മാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉദ്ഘാടനച്ചടങ്ങിനെത്തി. മോന്‍സിന്റെ നേതാവായ കെ.എം മാണിയാവണം ഒരുപക്ഷേ കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞയാള്‍. പശതേച്ച് മിനുക്കിയലക്കിത്തേച്ച ഉടുപ്പിലാണ് മാണിയുടെ ഗാംഭീര്യം നില്‍ക്കുന്നത്.  നിതാന്ത സഞ്ചാരിയായതു കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തടിവയ്ക്കാന്‍ ഒരിക്കലും കഴിയുമെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ഒന്നു തടിക്കാമെന്ന തരം ശരീരപ്രകൃതിയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനാവട്ടെ  അതു സംഭവിക്കാതെ ശരീരം നോക്കുന്നുണ്ട്. കെ.സി ജോസഫും പണ്ടേ മെലിഞ്ഞാണ്. മുന്‍പു തടിയന്മാരുടെ ക്ളബിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ യോഗയിലൂടെയാണു തടികുറച്ചത്, പ്രത്യേകിച്ചും സൂര്യനമസ്കാരം.
പൊതുവേ തടിയന്മാര്‍ക്ക് ഇത്തരം അഭ്യാസങ്ങളോടു താല്‍പര്യമുണ്ടാവില്ല. യോഗയില്‍ ശവാസനമായിരിക്കും ഏറ്റവും പ്രിയം, ഇടയ്ക്കുള്ളതൊന്നും ചെയ്യാതെ നേരേ അതിലേക്കു പോകും. രാവിലെ മോണിങ് വാക്കിനും ജോഗിങ്ങിനുമൊക്കെ ഒരാവേശത്തിന് ഇറങ്ങിപ്പുറപ്പെടും. മൂന്നാം ദിവസം, തണുപ്പാണ്, മഴയാണ്, പട്ടി കടിക്കാന്‍ വന്നു എന്നൊക്കെപ്പറഞ്ഞ് പരിപാടി നിര്‍ത്തും. പിന്നെ, ട്രെഡ് മില്‍ വാങ്ങും. മൂന്നാഴ്ച അതില്‍ നിരങ്ങി നീങ്ങും. നാലാം ആഴ്ച മുതല്‍ അതില്‍ അലക്കിയ തുണി ഉണങ്ങാനിടും. വീട്ടുകാരുടെ ശല്യം സഹിക്കാന്‍ കഴിയാതാകുമ്പോള്‍, കുറച്ചുകാലം മുന്‍പ്  ബ്രിട്ടനിലെ ഏതോ ചില ഗവേഷകര്‍ കണ്ടു പിടിച്ച കാര്യം എടുത്തു മുന്നിലിടും - തടിയന്മാര്‍ കൂടുതല്‍ കാലം ജീവിക്കും!  
അവര്‍ ജീവിക്കട്ടെ, ഇൌ ലോകത്തെ സുന്ദരമാക്കുന്നത്, ആ സ്നേഹമുള്ള ആനച്ചന്തങ്ങള്‍ കൂടി ചേര്‍ന്നാണ്!

Sunday 19 April 2015

Why we are Happy for you Comrade YECHURY

ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ സ്പെയ്സ് ഏറ്റവും പ്രസക്തമാകുന്ന ഒരു കാലത്താണു നമ്മുടെ ജീവിതം എന്നാണ് എന്റെയൊരു തോന്നല്‍. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി വരുന്നതിനെ പ്രതീക്ഷയോടെ കാണുന്നതിന്റെ കാരണവും അതുതന്നെ. വീണ്ടുമൊരു ബ്രാഹ്മണന്‍, ജനങ്ങളുമായി ബന്ധമില്ലാത്ത (ജനം വോട്ടു ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പില്‍ യച്ചൂരി അവസാനം മല്‍സരിച്ചത് കോളജില്‍ പഠിക്കുന്ന കാലത്ത്!) ടെക്സ്റ്റ് ബുക് രാഷ്ട്രീയക്കാരന്‍ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം യെച്ചൂരി പ്രതീക്ഷ തന്നെയാകുന്നത്, ആദ്യം പറഞ്ഞ ഇടതുപക്ഷ സ്പെയ്സിന്റെ പ്രസക്തി കൊണ്ടാണ്.
പതിറ്റാണ്ടുകള്‍ മുന്‍പുണ്ടായ പിളര്‍പ്പ് ശരിയാണോ, സഖ്യങ്ങള്‍ ശരിയായോ എന്നൊക്കെ ഇപ്പോഴും 'ഗൌരവപൂര്‍വം”' ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഭൂതകാnലാവശിഷ്ട പാര്‍ട്ടിയായി നിലനില്‍ക്കാതെ, ജീവിക്കുന്ന കാലത്തെയും മുന്നോട്ടുള്ള കാലത്തെയും അനലൈസ് ചെയ്യുന്ന ആധുനിക പാര്‍ട്ടിയായി മാറാന്‍ സിപിഎമ്മിന് യച്ചൂരിയിലൂടെ കഴിയുമെന്ന പ്രതീക്ഷചയാണ് ഇൌ പറഞ്ഞതിന്റെ അടിസ്ഥാനം. യുക്തിപൂര്‍വവും തന്ത്രപരവുമായ ഇടപെടലുകള്‍ വേണ്ടിടത്ത് അതുതന്നെ വേണം.
സിപിഎമ്മിന് എല്ലാ സാധ്യതകളും ഇന്ന് ഇന്ത്യയിലുണ്ട്. ഫാസിസത്തിനും വലതുപക്ഷ തീവ്രവാദ നിലപാടുകള്‍ക്കും എതിരെയുണ്ടാകുന്ന പ്രതിരോധങ്ങള്‍, അഴിമതിക്കെതിരെയുള്ള പൊതുജനവികാരം, ആംആദ്മി പാര്‍ട്ടി പരിമിതമായ രീതിയിലെങ്കിലും കൊണ്ടുവന്ന രാഷ്ട്രീയാധികാരത്തിന്റെ ഡീസെന്‍ട്രലൈസേഷന്‍ (ഇപ്പോള്‍ തിരിച്ചുനടക്കുന്നുവെങ്കിലും), അമിതനഗരവത്കരണത്തിനും കേന്ദ്രീകൃതവികസന മാതൃകകള്‍ക്കുമെതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ബദല്‍ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന്റെ സൂചനകള്‍, പൊതുവേ രാജ്യത്തിന്റെ ഡെമോഗ്രഫിക്സിലെ യുവത്വത്തിന്റെ ആധിപത്യം... അങ്ങനെ പലഘടകങ്ങള്‍. ജനം കേന്ദ്രത്തില്‍ വരുന്ന ഒരു രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നുണ്ട്, എവിടെയൊക്കെയോ എങ്ങനെയൊക്കെയോ. ആ അന്തരീക്ഷത്തിലാണ് ഇടതുപക്ഷത്തിന്റെ സാധ്യത, പ്രതീക്ഷയും.
ആം ആദ്മി പാര്‍ട്ടി ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ഇമാജിനേഷന്‍ കവര്‍ന്നുവെന്നതു ശരിയാണ്. അഴിമതിക്കെതിരായുള്ള വലിയവര്‍ത്തമാനങ്ങള്‍ (എളുപ്പം സെല്‍ ചെയ്യാവുന്നതാണത്), കോര്‍പറേറ്റുകളെ ചെവിക്കുപിടിക്കുമെന്നുള്ള ധീരനൂതന പ്രഖ്യാപനം, ജനങ്ങളിലേക്ക് അധികാരം കൈമാറുന്നുവെന്ന പ്രതീതി സൃഷ്ടിക്കല്‍ തുടങ്ങിയ ചില പൊടിക്കൈകളിലൂടെയാണ് അവര്‍ അതു സാധിച്ചത്. മണിരത്നം സിനിമ പോലുള്ള ഒന്നാണത്. പ്രതീക്ഷാപ്രതീതി സൃഷ്ടിക്കുന്ന, ഒരു തിരഞ്ഞെടുപ്പു ജയിക്കാന്‍ മാത്രമൊക്കെയുള്ള തരം പൈങ്കിളിത്തം.  അതിനപ്പുറം ഒരു രാഷ്ട്രീയ ബദലാകാന്‍ ആം ആദ്മിക്കു കഴിയില്ല. കാരണം ഉള്ളിന്റെ ഉള്ളില്‍ ആം ആദ്മി കടുത്ത വലതുപക്ഷമാണ്. ഇന്ത്യയിലെ പരമ്പരാഗത വലതു പക്ഷത്തിന്റെ മൂല്യങ്ങള്‍ തന്നെയാണ് അതിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പു കഴിയുന്ന നിമിഷം അധികാരം കേന്ദ്രീകരിക്കാനുള്ള  ചോദന ആ പാര്‍ട്ടിക്കുണ്ടായത് അതു കൊണ്ടാണ്. ജനിറ്റിക് ആണത്.
ഇടതുപക്ഷമാണ് ഇവിടെ നാച്വറല്‍ ചോയ്സ്. പിന്നോട്ടുനോട്ടങ്ങളും ശവക്കുഴി തോണ്ടലുകളും അവസാനിപ്പിച്ച് മുന്നോട്ടു നോക്കുന്ന ആധുനികമായ പാര്‍ട്ടിയായി സിപിഎമ്മിനെ നയിക്കാന്‍ യച്ചൂരിക്കു കഴിയില്ലേ? ആര്‍ട്ടിക്കുലേറ്റ് ആയ നേതാക്കള്‍ ഏതു പാര്‍ട്ടിക്കും വേണ്ട കാലമാണിത്. ഇലക്ട്രേറ്റിന്റെ യുവത്വവും ഒപീനിയന്‍ മേക്കേഴ്സ് ആയ (ഒാള്‍ പവര്‍ഫുള്‍!) മിഡില്‍ ക്ളാസിന്റെ ശക്തിയും രാഷ്ട്രീയത്തെ നിര്‍ണയിക്കുമ്പോള്‍ നേതാവ് മിണ്ടണം, അങ്ങേയറ്റത്തെ ക്ളാരിറ്റിയോടെ മിണ്ടണം. വലതുപക്ഷത്തേക്ക് ഇപ്പോള്‍ തന്നെ ചാഞ്ഞുനില്‍ക്കുന്ന, ഏതു നിമിഷവും അവിടേക്കു പൂര്‍ണമായും വീണുപോകാവുന്ന ഒരു വിഭാഗമാണ് ഇൌ പറഞ്ഞ യങ് - മിഡില്‍ ക്ളാസ് കാറ്റഗറി. അവരോടു നന്നായി സംസാരിക്കാന്‍ കഴിയുന്ന നേതാവാണ് യച്ചൂരി എന്നതാണ് അദ്ദേഹത്തിന്റൈ ഏറ്റവും വലിയ പ്ളസ് പോയിന്റ്. അവരോടു നിലവില്‍ സംസാരിക്കുന്ന വലതുപക്ഷത്തിന്റെ അര്‍ബനൈസ്ഡ്, സോഫിസ്റ്റിക്കേറ്റഡ് ശബ്ദങ്ങളെക്കാള്‍ നന്നായി സംസാരിക്കാനും യച്ചൂരിക്കു കഴിയും. ( കാരാട്ടും അര്‍ബനും എജ്യുക്കേറ്റഡും ആയിരുന്നു, പക്ഷേ അദ്ദേഹത്തിന് സംസാരിക്കാനാവുമായിരുന്നില്ല.)
അതോടൊപ്പം, കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന, വലിയ സംഘര്‍ഷങ്ങളില്‍ ജീവിക്കുന്ന, മറുവശത്തെ ഇന്ത്യയോടും സംസാരിക്കാനാകും യച്ചൂരിക്ക്. അതു കഴിയുന്നത് ഇടതുപക്ഷത്തിന്റെ ആന്തരിക വ്യക്തിത്വം കൊണ്ടാണ്. ആ വ്യക്തിത്വത്തെ പ്രകാശിപ്പിച്ച്, തെളിയിച്ചെടുക്കുകയാണു യച്ചൂരി ചെയ്യേണ്ടത്.
എല്ലാ ആന്തരിക സംഘര്‍ഷങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും മേലെ യച്ചൂരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇന്ത്യയുടെ പുതിയ കാലത്തിന്റെ പാര്‍ട്ടിയും നേതാവുമാകാന്‍ കഴിയട്ടെ. സിപിഎമ്മിനെ സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ സംബന്ധിച്ചും വളരെ പ്രധാനമാണത്.

ഇനി അല്‍പം ആത്മരതി ക്ഷമിക്കുക. ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് യച്ചൂരിയെ ആദ്യം കാണുന്നത്. 2008 ലെ സിപിഎം സംസ്ഥാന സമ്മേളനമായിരുന്നു അവസരം. ഇപ്പോള്‍ എംപിയായ പി.കെ ബിജുവിനായിരുന്നു യച്ചൂരിയുടെ 'ചുമതല”. ബിജുവിനൊപ്പം ഒരു വൈകുന്നേരം യച്ചൂരിയുടെ ഹോട്ടല്‍ മുറിയിലേക്കു കയറിച്ചെല്ലുമ്പോള്‍ സിഗരറ്റുപുകയുടെ മണമാണ് സ്വാഗതം ചെയ്തത്. ബാല്‍ക്കണിയിലിരുന്ന് യച്ചൂരി പുകവലിക്കുകയായിരുന്നു. സംസാരിക്കാം പക്ഷേ കേരളത്തിലെ രാഷ്ട്രീയ ചോദിക്കരുത് എന്നായിരുന്നു നിബന്ധന. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യമായിരുന്നു ആ അഭിമുഖത്തില്‍ പ്രധാനമായും വന്നത്. എങ്കിലും യച്ചൂരിയുടെ ചില രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അതിലുണ്ടായിരുന്നു.  പിരിയുമ്പോള്‍ ഞാന്‍ എന്റെ അന്നത്തെ കാര്‍ഡ് നീട്ടി. പകരം യച്ചൂരി ഫോണ്‍ നമ്പര്‍ തന്നു, എന്നിട്ടു പറഞ്ഞു: ബെസ്റ്റ് വേ ടു റീച്ച് മീ വുഡ് ബി എ ടെക്സ്റ്റ് മെസേജ്.

ട്രാക്ടറിനെയും കംപ്യൂട്ടറിനെയുമൊക്കെ എതിര്‍ത്ത പാര്‍ട്ടിയാണെന്നുള്ളതു ഞങ്ങളങ്ങു ക്ഷമിച്ചിരിക്കുന്നു സാര്‍, അങ്ങ് ഇൌ പാര്‍ട്ടിയെ ആധുനികതയിലേക്കു നയിച്ചാലും!




അഭിമുഖം - സീതാറാം യെച്ചൂരി (2008)

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് 1985ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കൂട്ടത്തിലെ പയ്യനയിരുന്നു സീതാറാം യച്ചൂരി. അന്നു പര്‍ട്ടി സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ കണ്ട് യച്ചൂരി പറഞ്ഞു, 'ഞന്‍ ഇതിനു തയാറായിട്ടില്ല. തീരുമാനം പുനഃപരിശോധിക്കണം'.
അപ്പോള്‍ ഇ.എം.എസിന്റെ മറുപടി ഇങ്ങനെയായിരുന്നുവത്രേ: 'സിപിഎം കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പര്‍ട്ടിയാണ്. മേല്‍ക്കമ്മിറ്റി തീരുമാനിച്ചാല്‍ താഴെയുള്ള ഘടകങ്ങള്‍ അംഗീകരിച്ചേ മതിയാവൂ'. അങ്ങനെ കേന്ദ്ര കമ്മിറ്റിയിലെത്തിയ സീതാറാം യച്ചൂരി നലുവര്‍ഷത്തിനു ശേഷം പൊളിറ്റ്ബ്യൂറോയില്‍ അംഗമാകുമ്പോള്‍ അവിടത്തെയും 'ബേബി'യായിരുന്നു , 38 വയസ്സ് മാത്രം.

ആന്ധ്രാപ്രദേശിലെ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐയിലേക്കു സ്നാനപ്പെട്ട യച്ചൂരി, സിസിയിലെയും പിബിയിലെയും പഴയ പയ്യനല്ല ഇപ്പോള്‍. രാജ്യത്തെ ഭരണത്തെ തന്നെ സ്വാധീനിക്കുന്ന പാര്‍ട്ടിയുടെ നയരൂപീകരണത്തിലും രാഷ്ട്രീയ നീക്കങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്ന നേതാവണ്. സിപിഎമ്മിന്റെ രാജ്യസഭയിലെ ലീഡര്‍. ഒപ്പം, ടെലിവിഷന്‍ ചാനലുകളിലും വേദികളിലും പ്രത്യക്ഷപ്പെടുന്ന സിപിഎമ്മിന്റെ ചിരിക്കുന്ന, ആധുനിക മുഖം. പര്‍ട്ടിയുടെ 'പോസ്റ്റര്‍ബോയ്' എന്നു വിശേഷിപ്പിച്ചാല്‍ അത് ഇത്രയേറെ യോജിക്കുന്ന ആരുമുണ്ടാവില്ല ഇപ്പോള്‍.

ജെഎന്‍യുവില്‍ യച്ചൂരിയുടെ സീനിയറായിരുന്നു പ്രകാശ് കാരട്ട്. പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 35 വര്‍ഷമായി. യച്ചൂരിയുടെ മാതൃസംസ്ഥനമായ ആന്ധ്രയിലെ സമ്മേളനം കഴിഞ്ഞാണു സീനിയറും ജൂനിയറും കാരട്ടിന്റെ മാതൃസംസ്ഥനത്തേക്കു വരുന്നത്. പാര്‍ട്ടി സമ്മേളനത്തിനിടെ കോട്ടയത്തെ താമസസ്ഥലത്തു കാണാമെന്നു സമ്മതിക്കുമ്പോള്‍ യച്ചൂരി ഒരു നിബന്ധന വച്ചു: 'കേരളത്തിലെ പര്‍ട്ടിക്കാര്യം ചോദിക്കരുത്. സമ്മേളനം നടക്കുമ്പോള്‍ അക്കാര്യം പറയുന്നതു ശരിയല്ല'.

സമ്മേളനത്തിരക്കിനിടെ നടത്തിയ സംഭാഷണത്തില്‍ നിന്ന്:

? മൂന്നം മുന്നണി ചര്‍ച്ചകള്‍ വീണ്ടും സജീവമാണ്. 19  ാം പര്‍ട്ടി കോണ്‍ഗ്രസില്‍ അതു ചര്‍ച്ച ചെയ്യുന്നു. എന്താവും അതിന്റെ സ്വഭാവം? 

തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള, വെട്ടിയും മുറിച്ചുമൊട്ടിച്ച മൂന്നാം മുന്നണിയല്ല ലക്ഷ്യം. നയങ്ങളില്‍ അധിഷ്ഠിതമായ മൂന്നാം ബദലാണു വേണ്ടത്. മൂന്നു കര്യങ്ങളാണു ബദല്‍ നയത്തില്‍ വരിക. വര്‍ഗീയവിരുദ്ധത, ജനവിരുദ്ധ സമ്പത്തിക നയങ്ങളുടെ തിരസ്കാരം, സ്വതന്ത്രമായ വിദേശനയം. ഇൌ മൂന്നു നയങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കഴ്ചപ്പാടുള്ള ബദലാണു ലക്ഷ്യം. 2004ലെ തിരഞ്ഞെടുപ്പിലും ഇതേ നിലപാടാണുണ്ടായിരുന്നത്. എന്നല്‍, അന്നത്തെ ജനവിധിയുടെ കണക്ക് അതനുവദിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട സ്ഥിതിയായിരുന്നു അന്ന്. അന്നത്തെ പ്രധാന ആവശ്യം വര്‍ഗീയ ശക്തികളെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്തുകയായിരുന്നു. ഇത്തവണ രാഷ്ട്രീയ സൌകര്യത്തിനു വേണ്ടിയുള്ള മുന്നണിയല്ല ഉണ്ടാവുക. ഈ വര്‍ഷം മധ്യത്തോടെ ഇതിന്റെ ചര്‍ച്ചകള്‍ സജീവമാകും. അപ്പോഴേക്കും മൂന്നാം ബദലിന്റെ രൂപംതെളിയും.

? മുന്‍പുണ്ടായിരുന്ന മൂന്നാം മുന്നണിയിലെ മിക്കവാറും ഘടകകക്ഷികളും ഇപ്പോള്‍ യുപിഎയുടെയോ എന്‍ഡിഎയുടെയോ ഭാഗമാണ്. മൂന്നാം മുന്നണി വരുമ്പോള്‍ അതിന്റെ കൂട്ട് എങ്ങനെയാ-വും?

വാജ്പേയി സര്‍ക്കര്‍ നിലനിന്നതു ബിജെപി അവരുടെ യഥര്‍ഥ ഹിന്ദുത്വ അജന്‍ഡ മറ്റിവച്ചതു കൊണ്ടാണ്. തീവ്രഹിന്ദുത്വത്തിലേക്കു ബിജെപി മാറുമ്പോള്‍ സഖ്യകക്ഷികള്‍ക്കു കൂടെ നില്‍ക്കാന്‍ കഴിയില്ല. അതുപോലെ ഉദാരവല്‍ക്കൃത സമ്പത്തികനയം അംഗീകരിച്ച പല പ്രാദേശിക കക്ഷികളും ഇപ്പോള്‍ അത് അവരുടെയുള്ളില്‍ തന്നെ പുനഃപരിശോധിക്കുകയാണ്. ഉദഹരണം ടിഡിപി. ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കലങ്ങിത്തെളിയലാണു സംഭവിക്കാനിരിക്കുന്നത്. അതു കഴിയുമ്പോള്‍ കര്യങ്ങള്‍ തെളിയും.

? മൂന്നാം മുന്നണി ഫലത്തില്‍ ബിജെപിയെ സഹായിക്കുകയല്ലേ ചെയ്യുക? പ്രത്യേകിച്ചും ഗുജറാത്തിനു ശേഷം ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍? 

ഗുജറാത്തിന്റെ പേരിലുള്ള ബിജെപിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനമില്ല. 2004ലെ തിരഞ്ഞെടുപ്പിനു മുന്‍പു രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡുമെല്ലാം ജയിച്ചതാണ് അവര്‍. ഗുജറാത്ത് ഒരു സൂചകമല്ല.

? സിപിഎമ്മും മറ്റ് ഇടതു കക്ഷികളുമായിത്തന്നെ ബന്ധത്തില്‍ വിള്ളലുകളുണ്ടല്ലോ. കേരളത്തില്‍ വെളിയം ഭര്‍ഗവന്‍ പറഞ്ഞതു സിപിഐ  'എം' എന്നതിലെ 'എം 'മാറ്റിയല്‍ സിപിഐയും സിപിഎമ്മും ഒന്നാണെന്നണ്. അത്തരമൊരു ഇടത് ഒന്നുചേരല്‍ ഇനി സാധ്യമാണോ? 

എം പോയതു കൊണ്ട് ഐക്യമുണ്ടാവില്ല. മര്‍ക്സിസമില്ലാതെ കമ്യൂണിസ്റ്റ് പര്‍ട്ടിയുണ്ടാവില്ല. വെളിയം ഭര്‍ഗവന്‍ പാര്‍ട്ടി പിളര്‍ന്ന തലമുറയിലെ നേതാവാണ്. ഞങ്ങളൊക്കെ രണ്ടായ പര്‍ട്ടിയിലേക്കു വന്നവരുടെ തലമുറയണ്. മുകളില്‍ നേതാക്കള്‍ തമ്മിലുള്ള 'ഗോള്‍ഡന്‍ ഹന്‍ഡ് ഷേക്കു'ണ്ടായതു കൊണ്ടു താഴേത്തട്ടില്‍ ഐക്യം വരില്ല. താഴെ നിന്ന് ഐക്യം തുടങ്ങണം. എങ്കിലേ നിലനില്‍ക്കൂ. ഏറ്റവും അടിസ്ഥാന യൂണിറ്റുകള്‍ തൊട്ട് ഒരുമിച്ചു പ്രവര്‍ത്തിച്ചു വരണം.

? പക്ഷേ, ബംഗാളില്‍ ഘടകകക്ഷി തന്നെ ഇടതു സര്‍ക്കരിനെതിരെ ഹര്‍ത്തല്‍ നടത്തുന്നു. കേരളത്തില്‍ ചിന്തിക്കന്‍പോലും കഴിയില്ല ഇങ്ങനെ ഒന്ന്. 

കേരളത്തില്‍ അതു ചിന്തിക്കന്‍ കഴിയില്ലെന്നതു ശരിയാണ്. പക്ഷേ, ബംഗളിലെ ഫോര്‍വേഡ് ബ്ളോക്ക് മുന്നണിയോ മന്ത്രിസഭയോ വിട്ടിട്ടില്ല. നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങളുണ്ടായി. അവ പരിഹരിച്ചു കഴിഞ്ഞു. പൊലിസ് വെടിവയ്പു പോലുള്ള കര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

? ബംഗാളിലെയും കേരളത്തിലെയും ഇപ്പോഴത്തെ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ബംഗാളില്‍ പുതിയ മുഖ്യമന്ത്രി. കേരളത്തില്‍ ഭീമമായ ഭൂരിപക്ഷം. പക്ഷേ, ഇൌ രണ്ടു സര്‍ക്കാരുകള്‍ക്കും പല പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നു. പര്‍ട്ടിക്ക്, ഏതെങ്കിലും തലത്തില്‍ ഇൌ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അതൃപ്തിയുണ്ടവില്ലേ? പോര എന്ന തോന്നലില്ലേ? 

ഞങ്ങള്‍ മര്‍ക്സിസ്റ്റുകാര്‍ പൊതുവേ എപ്പോഴും കൂടുതല്‍ മെച്ചപ്പെടുത്താം എന്നു കരുതുന്നവരാണ്. ഞങ്ങളെത്തന്നെ കൂടുതല്‍ മികച്ചവരാക്കുകയാണു ലക്ഷ്യം. ആ അര്‍ഥത്തിലാണു സംസ്ഥാന സര്‍ക്കാരുകളെ ഞങ്ങള്‍ വിലയിരുത്തുന്നത്. ഇടതു പര്‍ട്ടികള്‍ ഇന്ത്യന്‍ രഷ്ട്രീയത്തില്‍ ഏറെ നിര്‍ണയകമായ ഒരു കാലഘട്ടമാണിത്. മുതലാളിത്ത, സാമ്രാജ്യത്വ ശക്തികളുടെ അജന്‍ഡകള്‍ ഇന്ത്യയില്‍ നടപ്പാകാത്തത് ഇടതുകക്ഷികളുടെ സാന്നിധ്യം കൊണ്ടാണ്. ഇതില്‍ അസ്വസ്ഥരായവരുടെ തന്ത്രപരമായ എതിര്‍പ്പാണ് ഇടതു സര്‍ക്കാരുകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടാകുന്നത്. നന്ദിഗ്രാമില്‍ ഇസ്ലാമിക തീവ്രവദികളും ആര്‍എസ്എസും മവോയിസ്റ്റുകളും തൃണമൂലും കോര്‍പറേറ്റ് മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന വിചിത്രമായ കൂട്ടാണു സര്‍ക്കരിനെതിരെ പ്രവര്‍ത്തിച്ചത്. അതേക്കുറിച്ചു സിപിഎം ബോധവാന്മാരണ്; ജാഗരൂകരുമാണ്.

? കേരളത്തില്‍ ആരാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്? ക്രൈസ്തവ സഭകളാണോ? 

കമ്യൂണിസവും ക്രൈസ്തവ സഭകളുമായുള്ള പോരാട്ടങ്ങളുടെ ഒരു ഭൂതകാലമുണ്ട് കേരളത്തില്‍. അതൊക്കെ പിന്നീടു പരിഹരിക്കപ്പെട്ടതാണ്. സഭകളുമായി പോരാടന്‍ സിപിഎം ആഗ്രഹിക്കുന്നതേയില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നതു സിപിഎം ആണെന്നു ക്രൈസ്തവ സഭകള്‍ മനസ്സിലാക്കണം. ഒറീസയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞാനവിടെ പോയിരുന്നു. ന്യൂനപക്ഷ സംരക്ഷണവും മതേതര ജനാധിപത്യവും സിപിഎമ്മിനു വെറും മുദ്രവാക്യമല്ല. ആശയപരമായ ഉറച്ച നിലപാടാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ രൂപതയായ റാഞ്ചിയുടെ ജൂബിലി ആഘോഷങ്ങളില്‍ വിമോചന ദൈവശസ്ത്രത്തെക്കുറിച്ചു പേപ്പര്‍ അവതരിപ്പിക്കാന്‍ എന്നെയാണു വിളിച്ചത്. അതു പിന്നീട് രൂപതയുടെ മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദൈവത്തിനുള്ളതു ദൈവത്തിന്, സീസറിനുള്ളതു സീസറിന്.

? കേരളത്തിലെ പാര്‍ട്ടി രഷ്ട്രീയം ചോദിക്കുന്നില്ല. പക്ഷേ, ഇവിടെ താങ്കള്‍ക്ക് ഏറ്റവും അടുപ്പമുള്ള നേതാവാരാണ്? 

ഇ.എം.എസുമായി വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാടു യത്ര ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വി.എസും പിണറായിയുമൊക്കെയായി അടുപ്പമുണ്ട്. എന്റെ കാലത്ത് എസ്എഫ്ഐയിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇവിടെയുള്ള പലരും. ഇ.പി. ജയരജനും ഞാനും കൂടി ഒരുമിച്ചാണ് 1980ല്‍ ആദ്യമായി സോവിയറ്റ് യൂണിയനില്‍ പോകുന്നത്. എം.എ. ബേബിയോടൊപ്പം മൂന്നാം ക്ളസ് ട്രെയിന്‍ കംപര്‍ട്ട്മെന്റുകളില്‍ എത്രയോ യാത്രകള്‍ പോയി. എ.കെ. ബലന്‍, തോമസ് ഐസക്, കോടിയേരി... ഞങ്ങളൊക്കെ എസ്എഫ്ഐ കാലം മുതലേ ഒരുമിച്ചുള്ളവരാണ്.

? പ്രകാശ് കാരട്ടുമയുള്ള ബന്ധം എങ്ങനെയാണ്? ഒരേ ക്യാംപസില്‍ പഠിച്ചു വന്നവര്‍ എന്ന നിലയില്‍ രഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്താണ്? സിപിഎമ്മില്‍ ഇപ്പോള്‍ ക്യംപസ് റിക്രൂട്ട്മെന്റാണെന്നു പോലും ചിലര്‍ പറയുകയുണ്ടായി. 

ക്യാംപസില്‍ നിന്നു നേതക്കളുണ്ടാകുന്നതു സ്വാഭാവികമാണ്. ക്യാംപസ് ആശയങ്ങളുടെ ഒരു സംഘട്ടനവേദിയായിരുന്നു, എല്ലാക്കലത്തും. എഴുപതുകളിലെ ക്യാംപസ് തലമുറ സ്വാതന്ത്യ്രത്തിനു ശേഷം എവിടെയാണു തെറ്റിയത് എന്നന്വേഷിച്ചവരുടേതായിരുന്നു. ആ പശ്ചാത്തലത്തില്‍ നിന്നാണു ഞങ്ങള്‍ വരുന്നത്. 35 വര്‍ഷമയി പാര്‍ട്ടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. പൊതുവേ മര്‍ക്സിസ്റ്റുകാര്‍ക്കു പാര്‍ട്ടിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം; ബന്ധങ്ങളുടെയും.

? 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീതാറാം യച്ചൂരിയെ സ്ഥാനര്‍ഥിയായി പ്രതീക്ഷിക്കാമോ? 

പാര്‍ലമെന്റിന്റെ വിളി ഏറെനാള്‍ ചെറുത്തു നിന്ന ആളാണു ഞാന്‍. രാഷ്ട്രീയം എന്നാല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമല്ല എന്നാണു ഞന്‍ കരുതുന്നത്. രാഷ്ട്രീയം വിശാലമായ ഒന്നാണ്. അതിലൊരു ഭാഗം മാത്രമാണു തിരഞ്ഞെടുപ്പ്. സമൂഹിക മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ തന്നെ പങ്കാളിയാകാം എന്നാണു ഞന്‍ കരുതുന്നത്. പര്‍ട്ടിയിലെ സീനിയറായ പലരും മാറിയ സഹചര്യത്തിലാണു രാജ്യസഭയിലേക്കു വരേണ്ടി വന്നത്. ലോക്സഭയിലേക്കു മല്‍സരിക്കുന്ന കര്യം എന്തായാലും പര്‍ട്ടിയാണു തീരുമാനിക്കേണ്ടത്.