Wednesday 15 October 2014

Vrindavan


വൃന്ദാവനം

.

അല്‍പം
പ്രകൃതി വര്‍ണന ആകാമെന്നു കരുതി.

ആദ്യം
പുഴയുടെ തീരത്തു പോയി.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന
രാമകൃഷ്ണന്‍ മാസ്റ്റര്‍ക്കൊപ്പം
എത്രയോ രാത്രികള്‍,
പെട്രോമാക്സും കത്തിച്ചു
മീന്‍ പിടിക്കാന്‍ പോയ
പുഴ!

തിരഞ്ഞെടുപ്പു കാലമാകുമ്പോള്‍,
മാഷോടു പറയും:
മാഷേ
പതിനെട്ടു വയസിനു മുകളിലുള്ളവരെ
നോക്കിപ്പിടിക്കണേ..!

നീളെ മണല്‍പ്പരപ്പി-
ന്നറ്റത്തെവിടെയോ
ഒരു തുമ്പു പോലെയാണ്
അപ്പോ പുഴ.

തെളിഞ്ഞ ഒഴുക്കില്‍,
രാത്രിയെ മുറിക്കും
പെട്രോമാക്സ് വെട്ടത്തില്‍
കാണാം,
കണ്ണു തുറന്ന്,
കണ്ണു തുറന്നുറങ്ങുന്നുണ്ടാവും
പാവം പരല്‍ മീനുകള്‍.

തോര്‍ത്തു വീശിപ്പിടിക്കണം.

പിടയാതെ,
വെള്ളത്തോര്‍ത്തിലേക്ക്
ഒാടിക്കയറും
ബുദ്ധിയില്ലാത്ത പരലുകള്‍.

കറുത്ത കണ്ണന്‍ മീന്‍
കുറമ്പനെങ്കിലും
കണ്ണടയ്ക്കില്ല അവനും.

കത്തി കൊണ്ടു വെട്ടിപ്പിടിക്കണം
കണ്ണനെ.

വെട്ടുകൊള്ളുമ്പോഴും
കണ്ണൊന്നു ചിമ്മിയടക്കാന്‍ പറ്റാതെ
പിടഞ്ഞു തീരും.
തെളിഞ്ഞ വെള്ളത്തില്‍
ചോര
പൊടിഞ്ഞു കലരും.

പുഴ കരഞ്ഞിരിക്കുമോ
അപ്പോഴൊക്കെയും?

രാത്രി മീന്‍ പിടിച്ച പുഴയിലേക്ക്
പിറ്റേ പകല്‍ പിന്നെയും പോകും.
അപ്പോള്‍,
രാത്രിയുടെ മുറിവുകളെല്ലാം
മാച്ച്,
തേച്ചു കുളിച്ചൊരു
പെണ്ണിനെ
പോലുണ്ടാവും
പുഴ.

വരണ്ട പാടങ്ങളുടെ
വരമ്പിലൂടെ
നടന്നെത്തുമ്പോള്‍
പുഴയ്ക്കും പാടത്തിനുമിടയിലുണ്ട്,
മണ്ണുകൊണ്ടുള്ള വന്മതില്‍.

മതിലിനു മുകളിലൂടെ
ഒരിക്കലും വെള്ളമൊഴുകിയിട്ടില്ലാത്ത
കനാലുണ്ട്.

കനാല്‍ മുകളിലൂടെ
പുഴയിലേക്കു കടക്കാന്‍
കോണ്‍ക്രീറ്റ് സ്ളാബിന്റെ
നടപ്പാതകളുണ്ട്.

ഉച്ചവെയിലില്‍,
കനാല്‍ മീതെ
കോണ്‍ക്രീറ്റ് പാതയില്‍
നടക്കുമ്പോള്‍
അടിയില്‍ കേള്‍ക്കുന്നതെന്ത്?

അടക്കിപ്പറച്ചില്‍
കുണുങ്ങിച്ചിരികള്‍
ചുണ്ടുകള്‍ ചേരും
പൂവിതള്‍മൌനം!

പൊഴിച്ചിട്ട
പാമ്പിന്‍ പടങ്ങള്‍ക്കും,
മണ്ണു നിറമുള്ള
ഒാന്തുകള്‍ക്കും,
എത്ര നടന്നിട്ടും
പുഴയിലേക്കെത്താത്ത
ഞണ്ടുകള്‍ക്കും
ഇടയില്‍
ആരാണ്?
ആരാണ്?

പൈക്കളെ മേയ്ക്കാന്‍ വന്ന
രാധയും
ഏതോ ദേശത്തു നിന്നു
താറാവുകൂട്ടത്തെ ആട്ടിയെത്തിയ
മാധവനും
ഉച്ചവെയിലില്‍ സ്ളാബിനടിയിലേക്കു
നടന്നു പോയത്
കണ്ടതാരാണ്?

നനവറിയാത്ത
കനാല്‍ മണ്ണില്‍
ഉച്ചവെയില്‍ ചാഞ്ഞു വീണ
കോണ്‍ക്രീറ്റ് തണലിലാണ്,
വൃന്ദാവനം!  



Tuesday 14 October 2014


പണ്ടൊരു ഒാണത്തിന് വെറുതേ എഴുതിയതാണ്. ഇപ്പോള്‍ കണ്ടുകിട്ടിയപ്പോള്‍ പോസ്റ്റുന്നുവെന്നു മാത്രം. ഫ്ളാറ്റില്‍ മരം നടുന്ന ഒരാളെക്കുറിച്ചു സുസ്മേഷ് ചന്ദ്രോത്തിന്റെ ഒരു കഥയുണ്ട്. അതെപ്പോ വായിച്ചതാണെന്നോര്‍മ കിട്ടുന്നില്ല. (സുസ്മേഷിന്റെ എറ്റവും നല്ല കഥകളിലൊന്നാണത്).
ഒപ്പം എല്ലാ നിലകളിലെയും ബാല്‍ക്കണികളില്‍ ചെടികള്‍ വളര്‍ന്നു കാടു പോലോയ ഒരു കെട്ടിടത്തിന്റെ (സിംഗപ്പൂരിലെയോ മറ്റോ) ചിത്രം കുറച്ചു കാലം മുന്‍പ് നെറ്റില്‍ പ്രചരിച്ചിരുന്നല്ലോ. അതൊക്കെയാവും ഇതിന്റെ പ്രേരണ. 


എഴുപത്തിനാലാം നിലയിലെ 
ഞങ്ങളുടെ ഓണം! 


നീലോല്‍പ്പല്‍ 


കാര്‍ നേരെ ലിഫ്റ്റിലേക്ക് ഒാടിച്ചുകയറ്റി. മുപ്പത്തിയഞ്ചാമത്തെ നില വരെ ലിഫ്റ്റില്‍. അവിടെ നിന്ന്ു മുപ്പത്തൊന്‍പതു നിലകള്‍ നടന്നും ഒാടിയും കയറും. 74 ാമത്തെ ഫ്ലോറിലെ വീടു വരെയുള്ള ആ കയറ്റമാണ് ഇപ്പോഴത്തെ എറ്റവും വലിയ എക്സര്‍സൈസ്. അതുമതി. നല്ല ഒന്നാന്തരം വര്‍ക്കൌട്ട്. അതിന്റെ ഗുണവുമുണ്ട്. ബിപി, കൊളസ്ട്രോള്‍, ഷുഗര്‍ എന്തു പരീക്ഷ(ണം) നടത്തിയാലും എക്സാമിനേഴ്സ് തോറ്റു തൊപ്പിയിടും!  എല്ലാം പാകത്തിന്.


  ലിഫ്റ്റിന്റെ കണ്‍ട്രോള്‍ കണ്‍സോളിലെ പാട്ടിന്റെ സെന്‍സറില്‍ വിരല്‍ തൊട്ടു. ഒാണപ്പാട്ടാണ്. പഴയൊരു പാട്ട്, പൂവിളി പൂവിളി പൊന്നോണമായി. മുന്‍പ് ലിഫ്റ്റില്‍ മലയാളം പാട്ടുകളുണ്ടായിരുന്നില്ല. ഇൌയിടെ റസിഡന്റ്സ് അസോസിയേഷനു പുതിയ സെക്രട്ടറി വന്നപ്പോഴാണ് മലയാളം സോങ്സും അപ്ലോഡ് ചെയ്തത്. വലിയൊരു കലക്ഷനുണ്ട്.   പാട്ടു മാത്രമല്ല, മള്‍ട്ടി ആക്ടിവിറ്റി ലിഫ്റ്റാണിത്. മഴ നനയണമെന്നു തോന്നിയാല്‍ അതിന്റെ സെന്‍സറില്‍ തൊട്ടാല്‍ മതി. കാറ്റു കൊള്ളണമെന്നു തോന്നിയാല്‍ അത്.  നിലാവും വെയിലും സന്ധ്യയും രാത്രിയും ഒക്കെ ഇൌ കണ്ണാടിക്കൂട്ടിനുള്ളില്‍ തന്നെ അനുഭവിക്കാം. എന്തിനേറെ, കാറ്റും മഴയും വെയിലുമൊക്കെ പല ടോണില്‍ അറിയാം. ബീച്ചിലിരുന്നു പ്രഭാതത്തിലെ കടല്‍ക്കാറ്റേല്‍ക്കണമെങ്കില്‍ കാറ്റിന്റെ സെന്‍സറില്‍ അഡ്ജസ്റ്റ് ചെയ്താല്‍ മതി. ഞാനെപ്പോഴും മഴ വച്ച് അങ്ങനെ കളിക്കും. ഷട്ടര്‍ താഴ്ത്താതെ ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോള്‍ മുഖത്തേക്കു ചാഞ്ഞു വീഴുന്നൊരു മഴയുണ്ടായിരുന്നില്ലേ പണ്ട്? അല്‍പമൊന്നു സൂക്ഷിച്ച് സെന്‍സറില്‍ അഡ്ജസറ്റ് ചെയ്താല്‍ ഏതാണ്ട് ആ മട്ടിലൊരു മഴ കിട്ടും ഇതില്‍. ഹാ! അതു നനയും പോലൊരു സുഖം വേറെയില്ല!

  മുപ്പത്തിയഞ്ചാം നിലയില്‍ കാറിനെ ലിഫ്റ്റില്‍ വിട്ട് ഇറങ്ങി. ലിഫ്റ്റ് തന്നെ കാറിനെ 74 ാം നിലയിലെ പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ചോളും. എന്റെ വര്‍ക്കൌട്ട് തുടങ്ങട്ടെ! ആദ്യം നടന്ന് സ്റ്റെപ്പ് കയറും. പതിയെ തുടങ്ങി സ്പീഡ് കൂട്ടി കൂട്ടി നല്ല വേഗത്തില്‍ പത്തു നിലകള്‍ സ്റ്റെപ് കയറും. പിന്നെ, സ്റ്റെപ്പുകള്‍ വിട്ട് റാംപിലേക്കു മാറും. അടുത്ത പത്തു നിലകള്‍ റാംപിലൂടെയുള്ള ജോഗിങ്. ഇരുപതു നില് കയറിക്കഴിഞ്ഞ് അഞ്ചു മിനിറ്റ് ബ്രേക്ക്. പിന്നെയും സ്റ്റെപ്പിലൂടെ. അങ്ങനെ എഴുപത്തിനാലില്‍.  വീട്! കഴിഞ്ഞ വര്‍ഷമാണു വീടിന്റെ വാതിലിനും മുന്‍പില്‍ ഒരു പടിപ്പുര കൂടി നിര്‍മിച്ചത്. ഇത്രയും ഉയരത്തില്‍, എഴുപത്തിനാലാമത്തെ നിലയില്‍ അതു പറ്റുമോ എന്നു സംശയമുണ്ടായിരുന്നു. പക്ഷേ, വരുണ്‍ നല്ല ആര്‍കിടെക്റ്റാണ്. നാനോ ചെങ്കല്ലിന്റെ ബ്ളോക്കുകള്‍ കൊണ്ടാണ് പടിപ്പുര തീര്‍ത്തത്. തടിവാതിലിനും നാനോ പാര്‍ട്ടിക്കിള്‍സ് തന്നെ ഉപയോഗിച്ചു. അതു തുറക്കുമ്പോള്‍, പഴയ കോട്ടവാതിലുകള്‍ തുറക്കുമ്പോഴുള്ള ഒരു ശബ്ദമുണ്ടല്ലോ, മുഴക്കമുള്ള ഒന്ന്, അതു വരണമെന്നു വരുണിനോടു പറഞ്ഞിരുന്നു. ആ മുഴക്കം അതേ പടി കിട്ടിയിട്ടുണ്ട്. അതു കേട്ടുകൊണ്ടു വാതില്‍ തുറക്കുന്നത് എന്തൊരു സന്തോഷമാണെന്നോ!

പടിപ്പുര വാതിലില്‍ ഫീറ്റ് സെന്‍സേഴ്സ് പിടിപ്പിച്ചിട്ടുണ്ട്. ഷൂവും സോക്സും അഴിച്ചാല്‍ കാലിലെ പെരുവിരലിനെ തിരിച്ചറിഞ്ഞ് സെന്‍സേഴ്സ് പ്രവര്‍ത്തിച്ചോളും. വാതില്‍ താനേ തുറക്കും. അപരിചിതര്‍ വന്നാല്‍ അനങ്ങില്ല. ലോഗ് ഇന്‍ ചെയ്ത ആളുകള്‍ തന്നെ, ഷൂവും സോക്സും അഴിക്കാതെയോ ചെരുപ്പിട്ടു വന്നാലോ തുറക്കില്ല. നഗ്നപാദരായേ അകത്തേക്കു കയറാന്‍ കഴിയൂ!   പടിപ്പുര കടക്കുമ്പോള്‍ മുറ്റത്ത്, നിലത്ത്, പൂക്കളമുണ്ട്. മാധവിയാണ് രാവിലെ പൂക്കളമിട്ടത്. ഇനിയും പൂക്കള്‍ വാടിയിട്ടില്ല. പൂക്കള്‍ വാടിയുണങ്ങാത്ത ടെംപറേച്ചറാണ് മുറ്റത്ത് സെറ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഫുള്‍ ഡേ ഫ്രെഷായിത്തന്നെ നില്‍ക്കും.

ഇന്നത്തെ പൂക്കളത്തിന്റെ ഡിസൈന്‍  കല്യാണി അയച്ചുതന്നതാണ്. കല്യാണിക്കും കേശവനും ആവേശമാണ് പൂക്കളം. ഒാരോ ദിവസവും രണ്ടു പേരും മാറിമാറി, ഡിസൈനുകള്‍ അമ്മയ്ക്ക് മെയില്‍ ചെയ്യുന്നുണ്ട്. രണ്ടു പേരും ഇപ്പോഴുള്ള വിദേശനാട്ടില്‍ പൂക്കളമിടാന്‍ ഒരു നിവൃത്തിയുമില്ല. അതുകൊണ്ട് ഒാരോ ഒാണത്തിനും ഡിസൈന്‍സ് വരും. വെറുതേ കംപ്യൂട്ടറില്‍ വരച്ചതല്ല. പൂവിന്റെ സ്പെസിഫിക്കേഷന്‍സ് വരെയുണ്ട്. എയിറ്റ് ജി മൊബൈലില്‍ ഇപ്പോള്‍ സ്മെല്ലും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതു കൊണ്ട് ചിലപ്പോഴൊക്കെ നല്ല മണമാണു മെയില്‍ വരുമ്പോള്‍. ചില പൂക്കളുടെ ഗന്ധം ഫോണില്‍ ഇല്ലെന്ന പരാതിയാണ് കല്യാണിക്ക്. ഇനി നാട്ടില്‍ വരുമ്പോള്‍ അവിടെ കിട്ടാത്ത സുഗന്ധങ്ങള്‍ കൂടി ഫീഡ്ചെയ്തു കൊണ്ടുപോകണമെന്നു പറയും അവള്‍.

  രാവിലെ കുട്ടികളുടെ മെയില്‍ വന്നാല്‍, പൂക്കള്‍ പറിക്കാനിറങ്ങുക ഞാനും മാധവിയും കൂടിയാണ്. ബെഡ് റൂമിന്റെ വാതില്‍ തുറന്നാല്‍ തോട്ടം. വലിയൊരു ഹാള്‍. ആയിരത്തഞ്ഞൂറു സ്ക്വയര്‍ ഫീറ്റുണ്ട് മൊത്തം. അകത്തു കയറിയാല്‍ നാട്ടിലെ പറമ്പാണെന്നേ തോന്നൂ. പ്രഭാതത്തിന്റെ മഞ്ഞുകണങ്ങളാല്‍ ചെറുനനവുള്ള മണ്ണും പുല്ലും എല്ലാം നിറഞ്ഞ പറമ്പ്.  നാലു തെങ്ങുണ്ട്. ഒരു മാവ്. ഒട്ടുമാവാണ്. ഉയരത്തില്‍ വളരില്ലെങ്കിലും എല്ലാ വിന്ററിലും പൂക്കും, കായ്ക്കും. വാഴയും എല്ലാ പച്ചക്കറികളുമുണ്ട്. പിന്നെ നിറയെ പൂച്ചെടികളും.

  കുഞ്ഞൊരു അരുവിയും ഇടയിലൂടെ ഒഴുകുന്നുണ്ട്  തോട്ടത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ. ഒഴുകിയെത്തുന്ന ചെറിയ കുളത്തില്‍ നിന്നു പമ്പ് ചെയ്താണ് വെള്ളം തിരികെ അരുവിയുടെ തുടക്കത്തില്‍ എത്തിക്കുക. അരുവിയില്‍ നിന്നു വെള്ളം സ്പ്രിങ്ക്ല് ചെയ്തു തോട്ടം നനയ്ക്കുന്നുമുണ്ട്.   തോട്ടത്തിന്റെ അറ്റത്താണ് ബാല്‍ക്കണി. അവിടെ മാത്രമേ സൂര്യവെളിച്ചം കിട്ടൂ. തോട്ടത്തിനകത്തേക്ക് വെയിലും മഴയും കിട്ടാന്‍ എന്‍ഹാന്‍സേഴ്സ് വച്ചിട്ടുണ്ട്. ബാല്‍ക്കണിയില്‍ വീഴുന്ന സൂര്യപ്രകാശവും മഴയും പിടിച്ചെടുത്ത് അകത്തെത്തിക്കും അവ. പക്ഷികളെയും പൂമ്പാറ്റകളെയും ഇവിടേയ്ക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ മാത്രമേ വിജയിക്കാതെ പോയുള്ളൂ. പൂമ്പാറ്റകള്‍ക്ക് ഇത്രയും ഉയരത്തിലെ  മര്‍ദം പറ്റില്ല. പക്ഷികള്‍ക്ക് പറ്റിയ അന്തരീക്ഷമുണ്ട്. പക്ഷേ, അവ ഇടയ്ക്ക് ആകാശത്തേക്കു പറന്ന് തിരികെ കൂട്ടിലേക്കെന്ന പോലെ തോട്ടത്തിലേക്കു കയറാന്‍ മടിക്കും. എങ്കിലും ഇടയ്ക്കൊക്കെ പറന്നെത്തുന്നുണ്ട് ചിലത്.

തോട്ടത്തിലൂടെ പുലര്‍ച്ചെ പൂപറിക്കാനുള്ള നടത്തം ഞങ്ങളുടെ എറ്റവും വലിയ എക്സൈറ്റ്മെന്റാണ്. അങ്ങേയറ്റത്ത് ബാല്‍ക്കണിക്കും അപ്പുറത്ത് സൂര്യവെളിച്ചം പതിയേ അരിച്ചെത്തുന്നതേയുണ്ടാവൂ. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന് ഞങ്ങളുടെ കുഞ്ഞു തോട്ടം! മൊബൈല്‍ ഇന്‍ബോക്സില്‍ കുട്ടികളുടെ ഡിസൈന്‍ തുറന്നിട്ട് അതില്‍ വേണ്ട പൂക്കളാണു പറിക്കുക.  തുമ്പ ഇത്രയും ഉയരത്തില്‍ വളരുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. തുമ്പച്ചെടി കിട്ടാനും കുറേ പാടുപെട്ടു. പക്ഷേ, നട്ടപ്പോള്‍ ആകാശത്തെ ഞങ്ങളുടെ മണ്ണില്‍ തുമ്പ തെളിഞ്ഞു വളര്‍ന്നു! മുക്കുറ്റിയും അങ്ങനെയായിരുന്നു. തൃക്കാക്കരയപ്പന്റെ ഒാണനാളിലെ കീരീടമല്ലേ. വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ? അതും നന്നായി വളര്‍ന്നു. കണ്ണാന്തളിയും കിങ്ങിണിയും തെച്ചിയും ചെമ്പരത്തിയും മന്ദാരവും അരളിയും ചെണ്ടുമല്ലിയും ഒക്കെയുണ്ട്. കോളാമ്പിപ്പൂവും കാക്കപ്പൂവും അരിപ്പൂവുമൊക്കെ ഇപ്പോള്‍ നാട്ടിലെ പറമ്പില്‍ പോലുമുണ്ടാവില്ല. അതൊക്കെ ഞാനും മാധവിയും കൂടി കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവന്നിട്ട് വര്‍ഷങ്ങളായി.

  പക്ഷേ, ഇൌ ഒാണത്തിന് ഞങ്ങളുടെ സര്‍പ്രൈസ് ഇതൊന്നുമല്ല. ഞങ്ങളുടെ കുഞ്ഞു പറമ്പിലെ കുഞ്ഞു പാടത്തുനിന്നു കൊയ്തെടുത്ത അരികൊണ്ടാണ് ഇത്തവണത്തെ ഞങ്ങളുടെ സദ്യ!! ഇൌ അപാര്‍ട്ടുമെന്റിലെ എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു ഞങ്ങളുടെ നെല്‍കൃഷി. ഇത്തിരി സ്ഥലത്ത് മണ്ണുനിറച്ച്, സ്ക്രാംബ്ളര്‍ കൊണ്ട് ഉഴുതുമറിച്ച്  അങ്ങനൊക്കെയാണ് ഞങ്ങള്‍ വിതച്ചത്. പുതിയ ഇനം കുത്തരിയുടെ നെല്ലാണ്. കതിരിട്ടു കൊയ്തെടുത്താല്‍ ചെറിയ ചൂടത്തു വെറുതേ വച്ചാല്‍ മതി. നെന്മണി താനേ പൊട്ടി അരി പുറത്തുവരും. പാറ്റിയെടുത്താല്‍ നല്ല പുന്നെല്ലിന്റെ കുത്തരി! തിരുവോണത്തിന് ഇൌ അരികൊണ്ടാണ് ഇത്തവണ ഞങ്ങളുടെ തുമ്പപ്പൂച്ചോറ്!  അരി മാത്രമല്ല, ഇത്തവണ സദ്യവട്ടത്തിന് മിക്കവാറും എല്ലാം ഇൌ തോട്ടത്തില്‍ നിന്നുതന്നെ. നേന്ത്രക്കായ് ഉപ്പേരിയും വാഴയില പോലും! എല്ലാത്തിന്റെയും മണവും രുചിയുമടക്കം മെയില്‍ ചെയ്യണമെന്നു പറഞ്ഞിട്ടുണ്ട്, കല്യാണിയും കേശവനും.സദ്യ തന്നെ മുഴുവനോടെ, ചൂടാറാതെ ലൈവായി അവര്‍ക്ക് അയയ്ക്കാന്‍ പറ്റുന്ന ടെക്നോളജി വരുമോ എന്റെയും മാധവിയുടെയും കാലത്ത്? അറിയില്ല.

(ക്ഷമിക്കണം, തുടക്കത്തില്‍ പറയേണ്ട ഒരു കാര്യം വിട്ടുപോയി. ഇത്രയും നേരം നിങ്ങള്‍ വായിച്ചത്, 2040 ലെ ഒാണക്കാലത്ത് ടി.ജെ. നീലോല്‍പ്പല്‍ എന്ന ഗൃഹനാഥന്‍ എഴുതാനിരിക്കുന്ന ബ്ളോഗ് കുറിപ്പുകള്‍, അതേ പടി അടിച്ചുമാറ്റിയതായിരുന്നു. കേരളത്തിലെ ഒരു നഗരത്തില്‍ ജീവിക്കാനിരിക്കുന്ന നീലോല്‍പ്പലിന്റെ ഭാര്യയാണ് ഇൌ കുറിപ്പില്‍ കടന്നുവരുന്ന മാധവിക്കുട്ടി. അവരുടെ മക്കളാണ് കല്യാണിയും കേശവനും).