Wednesday, 28 May 2014

ഏതാണ്ട് പത്തുപതിനാലു വര്‍ഷം മുന്‍പ് യു.സി കോളജിന്റെ പ്ളാറ്റിനം ജൂബിലി പ്രത്യേക പുസ്തകത്തില്‍ ഞാന്‍ എഴുതിയ ഒരു ചെറുകുറിപ്പാണിത്. ഇന്നത് വീണ്ടും പ്രസക്തമാണെന്നു തോന്നി, തപ്പിയെടുത്തു വീണ്ടും കീന്‍ ഇന്‍ ചെയ്തതാണ്. 
ഇപ്പോള്‍ വായിക്കുമ്പോള്‍ എന്തോ ഒരു തരം പ്രവചനസ്വരം ഇതിലെവിടെയോ ഉണ്ടെന്നു സംശയം തോന്നിപ്പോവുകയാണ്.
ഇതില്‍ പറയുന്ന, കുന്നിന്‍പുറത്തേക്കുള്ള വഴിയിലൂടെ ഞങ്ങള്‍ക്ക് ഇനിയുമിനിയും വരേണ്ടതാണ്, മക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച്, പിന്നെ, ആത്മാക്കളായും...

കുന്നിന്‍പുറത്തേക്കുള്ള വഴി

റോഡുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ അങ്ങനെ യു.സി.യുടെ ചുറ്റുമുള്ള നാഗരികതയുടെ
പ്രതാപചിഹ്നങ്ങളെല്ലാം ഒരു നിമിഷം ഒരു ഇറേസര്‍ കൊണ്ടു മായ്ച്ചു കളയുക -
യു.സി കുന്നിന്‍പുറത്തെ പ്രാചീനമായ ക്യാംപസാകുന്നു.
മരങ്ങള്‍ക്കിടയിലൂടെ നാട പോലെ കിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ കുന്നു കയറി വരുന്ന കുട്ടികള്‍!
കലാലയങ്ങള്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ പോലെ അടുക്കിവെച്ച കെട്ടിടക്കൂട്ടങ്ങളാകുന്ന കാലത്ത്
യു.സി അതിന്റെ വൃത്തഭംഗം വന്ന പഴയ എടുപ്പുകളും പ്രാചീനമായ വൃക്ഷനിബിഡതയും കാത്തു വയ്ക്കുന്നു.
തണല്‍ മരങ്ങള്‍,
ഒാരോ ഋതുവിലും എവിടെ നിന്നൊക്കെയോ ഏതേതൊക്കെയോ കിളികള്‍
ആ വൃക്ഷശിഖരങ്ങളിലേക്കു ചിറകുനീര്‍ത്തി പറന്നെത്തുന്നു.
ചുവപ്പും മഞ്ഞയും നിറത്തില്‍ വാക പൂത്തു നില്‍ക്കുന്നു.
അടര്‍ന്നു വീണ പൂക്കള്‍ നിലത്ത് - ചിതറിക്കിടക്കുന്ന കാഴ്ചയുടെ വര്‍ണ വിസ്മയം.
മഞ്ഞപ്പൂക്കളുടെ ആ മഴ ഒാര്‍മിക്കുക (One Hundred Years of Solitude).
മഴയിലേക്ക് മരണത്തിന്റെയും വേര്‍പാടിന്റെയും സൂചനകള്‍ കലരുന്നു.
കടന്നു പോയവര്‍ എത്രയാണ്?
ഇനിയും വരാനിക്കുന്നവരുമെത്ര?

അപ്പോഴും,
കിളിയൊച്ചകള്‍, പൂമരങ്ങള്‍, തണല്‍ക്കൂടാരങ്ങള്‍, അഭയമേഘങ്ങള്‍ -
ഇൌ അന്തരീക്ഷമാണ് യു.സിയെ ഇത്രയേറെ സൌമ്യമാക്കുന്നത്,
കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും കെട്ടിടങ്ങളെപ്പോലും!
ചെമ്മണ്‍പാതയിലൂടെ കുന്നു കയറി വരുന്ന ആ കുട്ടികളെ സങ്കല്‍പിക്കുക,
യു.സി ക്ക് ആ കുട്ടികളുടെ ഗ്രാമീണമായ സൌമ്യതയാണ്.
എല്ലാ ആധുനികതകളെയും ആവേശപൂര്‍വം സ്വീകരിക്കുമ്പോഴും
ഹൃദയത്തിനുള്ളില്‍ നമ്മളാ സൌമ്യത കാത്തുസൂക്ഷിക്കുന്നു.
നമ്മുടെ ചെറുതും വലുതുമായ എല്ലാ കാലുഷ്യങ്ങളെയും മായ്ച്ചു കളയാനുള്ള
മാന്ത്രികക്കൂട്ടാണത്. തലമുറകള്‍ മാറിവരുമ്പോഴും അതു കൈമോശം വരുന്നില്ല.
അതുകൊണ്ടാണ് നമ്മുടെ സന്ദര്‍ശക ഡയറിയില്‍ മഹാത്മാഗാന്ധി ഇതിനകം
പ്രശസ്തമായ ആ വാക്കുകള്‍ കുറിച്ചിട്ടത് - Delighted with the ideal situation.
കോളജ് മാഗസിനുകളിലെ പതിവു മഹാഗണി - മഞ്ചാടി നൊസ്റ്റാള്‍ജിയക്കും
എത്രയോ അപ്പുറമാണത്, യു.സി യുടെ ഹൃദയഭാഷ.

ഇനിയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, കുന്നിന്‍പുറം കയറിയെത്തുമ്പോള്‍
' Hear it, O Thyrsis, still our tree is there' എന്നു
മനസ്സിനു ചൂണ്ടിക്കാണിക്കാന്‍ ഏതെങ്കിലും മരമിവിടെ ബാക്കിയുണ്ടാവുമോ?
ഉണ്ടാവട്ടെ.
വിപണിയിലെ നേട്ടങ്ങളില്‍ ഭ്രമിച്ച് പേരറിയാ മരങ്ങളൊക്കെയും വെട്ടിനിരത്തി ആരുമിവിടെ
റബര്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാതിരിക്കട്ടെ.
തിളങ്ങുന്ന ഇൌ മരപ്പച്ചയും നാട്ടുവഴികളുടെ ചുവപ്പും
എന്നുമെന്നും ബാക്കിയാവട്ടെ