വാക്ക്, പ്രവൃത്തി, മാടമ്പിത്തരം ഇത്യാദികൾ അടിസ്ഥാനമാക്കിയെടുത്താൽ, നമ്മുടെ ബാലകൃഷ്ണപിള്ളയുടെ ഒരു ഗ്ലോറിഫൈഡ്, ഇൻഫ്ലേറ്റഡ് അവതാരമാണ് ലാലു പ്രസാദ് യാദവ്. പിള്ളയെ ഒന്നു ദേശീയ തലത്തിൽ സങ്കൽപിച്ചു നോക്കൂ. പിള്ള ജീവിക്കുന്ന കേരളമല്ല, ലാലുവിന്റെ ബിഹാർ എന്നതാണ് ഈ രണ്ടു കൂട്ടരെയും രാഷ്ട്രീയ സ്പെക്ട്രത്തിന്റെ രണ്ടറ്റത്തു കൊണ്ടുചെന്നാക്കിയത്. അതിരിക്കട്ടെ.
ബിഹാർ രാഷ്ട്രീയം ലാലുവിനെ മറികടന്നുവെന്ന് മുൻപൊരു പോസ്റ്റിൽ ഞാൻ എഴുതിയിരുന്നു. അതു വായിച്ചിട്ടായിരിക്കില്ല (ഹിഹിഹിഹി) രാജ്ദീപ് സർദേശായിയും അടുത്തിടെ അതുതന്നെ പറഞ്ഞിരിക്കുന്നു. ബിഹാറിൽ ലാലുവിനെ കൂട്ടുപിടിക്കേണ്ടി വന്നത് നിതീഷ് കുമാർ അത്രമേൽ ഫ്രാന്റിക് ആയതുകൊണ്ടു തന്നെയാണ്. അർബൻ–മിഡിൽ ക്ലാസ് – യങ് വോട്ടർമാർക്കിടയിൽ നിതീഷിന്റെ വിലയിടിച്ചിട്ടുണ്ട് ആ കൂട്ടെങ്കിലും ഗ്രാമീണ ബിഹാറിൽ അതിന്റെ ഇഫക്ട് എന്താണെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയുന്നില്ല. ജാതി – ന്യൂനപക്ഷ ധ്രൂവീകരണത്തിന്റെ ആശാനാണ് ലാലു. അതിന്റെ ഫലമറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം. fingers crossed!
അതിരിക്കട്ടെ, കാര്യത്തിലേക്കു കടക്കട്ടെ, ആത്മരതി തന്നെ സംഗതി! 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് പട്നയിൽവച്ചു ലാലുവിനെ കാണുന്നത്. ലാലു അന്ന് ഡൽഹിയിൽ ഒന്നാം യുപിഎ മന്ത്രിസഭയിൽ
റയിൽവേ മന്ത്രി. ഭാര്യ റാബ്റി ബിഹാറിൽ പ്രതിപക്ഷ നേതാവ്. റാബ്റിയുടെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന തലസ്ഥാനത്തെ സർക്കാരിന്റെ ഔദ്യോഗികമന്ദിരമാണെങ്കിലും അടിമുടി ഗ്രാമീണ ഫ്യൂഡൽ സെറ്റപ്പായിരുന്നു അവിടെ. മുറ്റത്ത് അനുചര–സ്തുതിപാഠക വൃന്ദത്തിനു നടുവിൽ വിരാജിക്കുന്ന നാട്ടുരാജാവ് മട്ടിലാണ് ലാലുവിനെ കാണുന്നത്.
അന്നത്തെ സംസാരത്തിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണോ എന്നു ചോദിച്ചതും ചോദ്യം കേൾക്കാത്ത ഭാവത്തിൽ ലാലുവിരുന്നതും ഓർമയുണ്ട്.
ആ കൂടിക്കാഴ്ചയുടെ കഥയാണിത്.
Meeting Lalu!
കവിഞ്ഞൊഴുകുന്ന ഓടകളും ദുർഗന്ധം പരത്തുന്ന റോഡുകളുമുള്ള പട്‌നയുടെ രാജപാതയാണിത് – സർക്കുലർ റോഡ്. ഇരുട്ടു വീണെങ്കിലും ഹാലജൻ ലാംപിന്റെ മഞ്ഞവെളിച്ചം ഒഴുകിക്കിടക്കുന്ന പാതയുടെ അറ്റത്തുള്ള വീടിന്റെ ഗേറ്റിൽ, സ്വർണനിറമുള്ള ബോർഡിൽ ഇങ്ങനെ വായിച്ചു: ശ്രീമതി റാബ്‌റി ദേവി, വിരോധിദൾ നേതാ, ബിഹാർ അസംബ്ലി. (റാബറി ദേവി, പ്രതിപക്ഷ നേതാവ്, ബിഹാർ നിയമസഭ)
അകത്തേക്കു കടന്നപ്പോൾ, സുരക്ഷാഭടന്മാർക്കായി തീർത്ത ചെറിയ മുറിയുടെ ചുമരിൽ, ബാലരമ അമർചിത്രകഥ നോക്കി വരച്ചതു പോലൊരു പെയിന്റിങ്. ഒറ്റവിരലിൽ ഒരു പർവതത്തെ ഉയർത്തി നിർത്തിയ കൃഷ്‌ണൻ. മഹാമാരിയിൽ നിന്ന് അഭയം തേടി പർവതത്തിനു കീഴെയുണ്ട് ഒരു നാടാകെ....
പെയിന്റിങ്ങിൽനിന്നു കണ്ണെടുത്താൽ കാണുക, വെള്ളപ്പെയിന്റടിച്ച കൂറ്റൻ ബംഗ്ലാവ്. വിശാലമായ പറമ്പിൽ കായ്‌ച്ചുനിൽക്കുന്ന മാവുകൾ, ആര്യവേപ്പ്, വാഴ, കരിമ്പന...
മറ്റൊരു വശത്ത്, തീവണ്ടി ബോഗികൾ പോലെ നിർമിച്ച നീണ്ട കെട്ടിടത്തിന്റെ മുറ്റത്ത് ചെറിയൊരു സദസുണ്ട്. ചൂരൽ കസേരയിൽ കയ്യില്ലാത്ത ഖാദി ബനിയനും മുറി പൈജാമയും ധരിച്ച്, കാലുകൾ മുൻപിലെ മേശയിലേക്കു കയറ്റിവച്ച്, മുറുക്കിച്ചുവപ്പിച്ചിരിക്കുന്ന ആളുടെ മുഖത്തെ ഭാവം ‘വേണമെങ്കിൽ ഒരു ഒന്നൊന്നൊര പർവതത്തെ കയ്യിലെടുത്തു വിരലിൽ പൊക്കിനിർത്താം’ എന്നു തന്നെ. അതാണു ലാലുപ്രസാദ് യാദവ്. ബിഹാറിലെ യാദവരുടെ കൺകണ്ട കൃഷ്‌ണൻ.
നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഭാര്യ റാബ്‌റി ദേവിക്കുള്ളതാണു സർക്കാർ ബംഗ്ലാവെങ്കിലും കേന്ദ്ര റയിൽവേ മന്ത്രിക്കും ഇവിടെ ഓഫിസുണ്ട്. ലാലു പട്‌നയിലെത്തുമ്പോൾ ഉപയോഗിക്കാൻ വേണ്ടി റയിൽവേ പണിതതാണ് തീവണ്ടി ബോഗി പോലുള്ള ഈ കെട്ടിടം.
കേരളത്തിൽനിന്നാണെന്നു പരിചയപ്പെടുത്തിയപ്പോൾ, കേരളം കൊള്ളാമെന്നു കമന്റ്. ‘സാക്ഷരതയിൽ ലോകത്തു തന്നെ ഒന്നാമതല്ലേ.’
പടമെടുക്കാൻ ഫൊട്ടോഗ്രഫർ അബു ഹാഷിം ക്യാമറ തുറന്നപ്പോൾ പക്ഷേ വിലക്കി, ‘ഇപ്പോൾ വേണ്ട...’.മുറ്റത്തെ സദസിൽ ലാലുവിനെ ചുറ്റിയിരിക്കുന്നവരിൽ എംഎൽഎമാരായ ജഗദാനന്ദ് സിങ്ങും ഗജേന്ദ്രപ്രസാദ് സിങ്ങുമുണ്ട്. ജഗദാനന്ദ് ബക്‌സർ മണ്ഡലത്തിൽ നിന്നു ലോക്‌സഭയിലേക്കും മൽസരിക്കുന്നു.
ഹെലികോപ്‌ടറിലുള്ള നീണ്ട പ്രചാരണയാത്ര കഴിഞ്ഞെത്തിയതാണു ലാലു. ഓരോ മണ്ഡലത്തിന്റെയും സാധ്യതകളാണ് ചർച്ച. ജാതി തിരിച്ചുള്ള വോട്ടു ശതമാനമെടുത്താണു കണക്കുകൂട്ടൽ. കൂടെക്കൂടെ എത്തുന്ന നേതാക്കളും പ്രവർത്തകരും ലാലുവിന്റെ കാൽതൊട്ടു വന്ദിക്കുന്നു. അതിനായി, ആ കാലുകൾ മേശപ്പുറത്തു തന്നെയുണ്ട്.
തലയിലെ മുടിയൊന്നടങ്കം നരച്ച ലാലുവിന്റെ മുഖത്തെ താൻപോരിമയ്‌ക്ക് ഇപ്പോഴും തെല്ലുമില്ല കുറവ്. പുറമേക്കു കാണിക്കുന്ന ഈ ആത്മവിശ്വാസത്തിന്റെ അകത്ത്, അത്രയ്‌ക്കു സുഖകരമല്ല ലാലുപ്രസാദ് യാദവിന്റെ ഈ തിരഞ്ഞെടുപ്പിലെ കാര്യങ്ങളെന്നു നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസ് വിട്ടുപോയതോടെ മുസ്‌ലിം, ന്യൂനപക്ഷ വോട്ടുകൾ കുറെ നഷ്‌ടപ്പെടുമെന്നും അതു ‘പണി’യാകുമെന്നും മറ്റാരെക്കാളും നന്നായി ലാലു മനസിലാക്കിയിട്ടുണ്ട്. അതു പ്രയോജനം ചെയ്യുക ബിജെപി–ജെഡിയു സഖ്യത്തിനാണു താനും.
അതുകൊണ്ടുതന്നെ, ജെഡിയുവിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടിക്കാൻ കിട്ടുന്ന ഒരവസരവും ലാലു പാഴാക്കുന്നില്ല: ‘(നിതീഷിന്റെ) നാലു ഹെലികോപ്‌ടറുകൾ കേടായില്ലേ? അഞ്ചാമത്തേത് ആന്ധ്രയിൽനിന്നു കൊണ്ടുവന്നില്ലേ? വണ്ടിയുടെ എൻജിൻ കേടാകുന്നത് അശുഭലക്ഷണമല്ലേ? പണ്ട്, ഞാൻ വയ്യാതായ അമ്മയെ കാണാൻ ഗ്രാമത്തിലെ വീട്ടിലേക്കു ഹെലികോപ്‌ടറിൽ പുറപ്പെട്ടതാണ്. വഴിക്കുവച്ചു വണ്ടി കേടായി. വീട്ടിലേക്കു ഫോൺ ചെയ്‌തപ്പോൾ അമ്മ മരിച്ചു. അതാണ് പറഞ്ഞത്. നിതീഷിന്റെ പാർട്ടി പൊട്ടാൻ പോവുകയാണ്. അതിന്റെ ലക്ഷണമാണ് ഈ എൻജിൻ കേടാകൽ’ ലാലുവിന്റെ ഫലിതം കേട്ടു സദസിന്റെ പൊട്ടിച്ചിരി. ‘പക്ഷേ, ഇതൊക്കെ ഏതെങ്കിലും പത്രം എഴുതുമോ? ഇല്ല. എല്ലാവരെയും നിതീഷ് കയ്യിലെടുത്തിരിക്കുകയാണ്’ വീണ്ടും ലാലു.
‘ഇവർ ഒരുപാടു ദൂരെനിന്നു വന്നവരാണ്’ എന്നു ജഗദാനന്ദ് പിന്നെയും ഓർമപ്പെടുത്തിയപ്പോൾ, കസേരയുടെ സൈഡിൽ വച്ചിട്ടുള്ള സ്‌റ്റീൽ കോളാമ്പിയിലേക്ക് ആഞ്ഞൊന്നു തുപ്പി, മുഖംതുടച്ച് ലാലു സംസാരിക്കാൻ റെഡിയായി.
അച്ചടി ഹിന്ദിയിലെ ചോദ്യം നാടൻ ഹിന്ദിയുടെ ആശാനായ കക്ഷിക്കു വ്യക്‌തമായില്ല. അടുത്തേക്കു വന്നിരിക്കാൻ ആംഗ്യം. ഇതിനിടെ ഫൊട്ടോഗ്രഫറും ജോലി തുടങ്ങി. ഹിന്ദിയും അതു മനസിലാകുമോ എന്നു സംശയമുള്ളതു കൊണ്ട് ഇംഗ്ലീഷും കൂട്ടിക്കലർത്തിയാണു ലാലുവിന്റെ മറുപടികൾ.
? പറന്നു നടന്നുള്ള പ്രചാരണമാണല്ലോ. എങ്ങനെ കാര്യങ്ങൾ
ബഹുത് അഛാ ഹേ. രണ്ടു ഘട്ടം കഴിഞ്ഞു. ഇനിയും രണ്ടു ഘട്ടം കൂടിയുണ്ട്. എല്ലായിടത്തും നല്ല പ്രതികരണമാണ്. എല്ലാ സീറ്റിലും ജയിക്കും.
? പക്ഷേ, യുപിഎ മുന്നണി ബിഹാറിൽ ഇല്ലാതായല്ലോ, പകരം നാലാം മുന്നണിയുണ്ടായെന്നു പറയുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുകയല്ലേ ചെയ്യൂ.
അങ്ങനെ ഇല്ലാതായിട്ടില്ല. ഇലക്ഷനു ശേഷമുള്ള ഒരു സംവിധാനമാണ് യുപിഎ.
? ഈ തിരഞ്ഞെടുപ്പിനു ശേഷവും ആ സംവിധാനം ഉണ്ടാകുമെന്നാണോ.
നോക്കാം.
? മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ ലാലുവും പാസ്വാനുമൊക്കെയുള്ള ഒരു സർക്കാർ ഇനിയുമുണ്ടാവുമോ.
മൻമോഹൻ സിങ് വളരെ നല്ല ആളാണ്. തിരഞ്ഞെടുപ്പിനു ശേഷം ഞങ്ങളെല്ലാം ഒരുമിച്ചിരിക്കും. എന്നിട്ടു തീരുമാനിക്കും. എന്തായാലും ജനങ്ങളുടെ മാൻഡേറ്റ് വരട്ടെ.
? പക്ഷേ, കോൺഗ്രസ് ഒറ്റയ്‌ക്കു നിൽക്കുമ്പോൾ ബിഹാറിൽ ആർജെഡി –എൽജെപി വോട്ടുകൾ, പ്രത്യേകിച്ചും മുസ്‌ലിം വോട്ടുകൾ വിഭജിക്കപ്പെടുന്നത് എൻഡിഎയെ സഹായിക്കുകയല്ലേ ചെയ്യുക.
ബേകാർ ലോക് ഹേ (കാര്യവിവരമില്ലാത്ത ആളുകളാണ്). കോൺഗ്രസിന് ഇവിടെ ബേസ് വോട്ടില്ല. അതില്ലാതെ അവർ എവിടെ ജയിക്കാനാണ്. അവരുടെ സംഘടന തന്നെ ബിഹാറിലും യുപിയിലും ഇല്ല. അതുണ്ടാക്കാനായിരിക്കും അവർ ഒറ്റയ്‌ക്കു മൽസരിക്കുന്നത്. പിന്നെ കുറച്ചു മുസ്‌ലിം വോട്ടൊക്കെ കിട്ടും. ഞങ്ങൾ സീറ്റുകൾ കൊടുത്തതാണ്. അതു വേണ്ടെന്നുവച്ചിട്ട് ഒറ്റയ്‌ക്കു പോയി. അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.
? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണോ.
(ചോദ്യം കേട്ടില്ലെന്ന ഭാവം)
? ശരി. റയിൽവേയിൽ ലാലു മാജിക് കാണിച്ചെന്ന് എല്ലാവരും പറയുന്നു (അത് കേട്ടപ്പോൾ ലാലുവിന്റെ മുഖത്ത് ചെറിയാരു ചിരി. റയിൽവേയിലെ ലാലു മാജിക്കിനെക്കുറിച്ചു പറയുന്നത് കക്ഷിക്കു പ്രത്യേക സന്തോഷമുള്ള കാര്യമാണ്!) പക്ഷേ, കേരളത്തെ അവഗണിച്ചുവെന്നു വ്യാപകമായ പരാതിയുണ്ട് അവിടെ.
ആരു പറഞ്ഞു. ബഹുത് കുഛ് ദിയാ. കോച്ച് ഫാക്‌ടറി തന്നില്ലേ? ട്രെയിനുകൾ തന്നില്ലേ? റയിൽപാതകൾ ബ്രോഡ്‌ഗേജാക്കിയില്ലേ? ഇരട്ടപ്പാതയുണ്ടാക്കിയില്ലേ? പിന്നെയുമുണ്ടല്ലോ? എന്താ അത്? (ബിഹാറിലെ ലോക്കൽ നേതാക്കൾക്ക് അതെന്താണെന്നു മനസിലായില്ല. അവർ പരസ്‌പരം മുഖം നോക്കുമ്പോൾ ലാലു അതുവിട്ടു) എന്താണെന്നു മറന്നു. എന്തായാലും കേരള കോ ബഹുത് ദേ ദിയാ ഹേ. (കേരളത്തിനു കുറെ തന്നു.)
? കേന്ദ്രക്യാബിനറ്റിൽ ഞങ്ങളുടെ എ.കെ. ആന്റണിയും വയലാർ രവിയുമൊക്കെ സഹപ്രവർത്തകരാണല്ലോ. അവരുമായുള്ള ബന്ധമെങ്ങനെ?
നല്ല ആളുകളാണ്. നല്ല ബന്ധമാണ്. ഞങ്ങളൊക്കെ ഫ്രണ്ട്‌സല്ലേ... രണ്ടുപേരും സത്യസന്ധരാണ്. ആന്റണിയൊക്കെ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ്.
? ഇസ്രയേൽ മിസൈൽ ഇടപാടിന്റെ പേരിൽ തിരഞ്ഞെടുപ്പു കാലത്ത് ചില ആരോപണങ്ങളുമായി വരാൻ ബിജെപി ശ്രമിച്ചല്ലോ? അത് കേരളത്തിലൊക്കെ സിപിഎമ്മും ഏറ്റുപിടിച്ചിരുന്നു...
ഒരു കാര്യവുമില്ല. ആന്റണിയെപ്പോലെ ഒരാൾ മന്ത്രിയായിരിക്കുമ്പോൾ അതൊന്നും നടക്കില്ല. അത്രയ്‌ക്കു സത്യസന്ധനും മാന്യനുമാണദ്ദേഹം. അഴിമതിയൊന്നും അദ്ദേഹത്തിന്റെ അടുത്തൂടെ പോകില്ല. അല്ലെങ്കിലും ടെൻഡർ പോലുള്ള കാര്യങ്ങളൊക്കെ ഉദ്യോഗസ്‌ഥരാണു ചെയ്യുന്നത്. അതിൽ മന്ത്രിമാർക്കു പങ്കൊന്നുമില്ല.
(ലാലുവിന് നല്ല ഉറക്കം വരുന്നുണ്ട്. പുലർച്ചെ പ്രചാരണത്തിനു പുറപ്പെട്ടതാണ്. ഹെലികോപ്‌ടറിൽ ചുരുങ്ങിയത് ആയിരം കിലോമീറ്ററെങ്കിലും ആകാശസഞ്ചാരവും പൊരിവെയിലിൽ ആറേഴു യോഗങ്ങളും നടത്തിയ ശേഷമുള്ള വരവാണ്. ഭക്ഷണം കഴിച്ചിട്ടില്ല. അകത്തേക്കു നോക്കി അദ്ദേഹം ഉറക്കെ വിളിച്ചു, ‘അരേ ഖാനാ ലാവോ..’(ഭക്ഷണം കൊണ്ടുവരൂ)’. എന്നാൽ നിർത്തുകയല്ലേ എന്നു കണ്ണുകൊണ്ട് ഫൊട്ടോഗ്രഫറോടു കൂടിയായി ചോദ്യം.)
? ശരി അവസാന ചോദ്യം. ഇത്രയും കഷ്‌ടപ്പെട്ടുള്ള പ്രചാരണമല്ലേ. വൈകിട്ടു തിരിച്ചെത്തി കഴിഞ്ഞാൽ ഉന്മേഷം കിട്ടാൻ എന്താണു ചെയ്യുക
ഒന്നും ചെയ്യില്ല. കുളിക്കും. ആളുകളോടു സംസാരിക്കും. ഭക്ഷണം കഴിക്കും. കിടന്നുറങ്ങും. രണ്ടും മൂന്നും മണിക്കൂറൊക്കെ ഉറക്കമേ ഇപ്പോൾ കിട്ടുന്നുള്ളൂ. ഹെലികോപ്‌ടറിൽ ജർക്കുകൾ ആയിരിക്കും. അതുകൊണ്ട് അതിലിരുന്നും ഉറങ്ങാൻ പറ്റില്ല.
? എങ്കിലും എന്തെങ്കിലും ഹോബി കാണില്ലേ.. പാട്ടുകേൾക്കലോ ഒക്കെ .....
പാട്ടൊന്നും കേൾക്കില്ല. പക്ഷേ, നാച് (നൃത്തം) ഇഷ്‌ടമാണ്. അതു കാണും. സിനിമാ ഡാൻസല്ല. കൺട്രി സൈഡ് ഡാൻസ്. ഫോക്‌ഡാൻസ്.
നന്ദിപറഞ്ഞ് എണീക്കാൻ തുടങ്ങുമ്പോൾ ലാലുവിന്റെ മറുചോദ്യം, ‘കേരളത്തിൽ എന്തു സംഭവിക്കും?
‘ചൂടൻ തിരഞ്ഞെടുപ്പാണ്. യുഡിഎഫിന് കൂടുതൽ സീറ്റുകൾ കിട്ടാനാണ് സാധ്യത’ എന്ന മറുപടി നൽകി.
അതു ലാലു പ്രതീക്ഷിച്ചതു തന്നെ എന്നു പിന്നാലേ വന്ന കമന്റിൽനിന്നു മനസിലായി: ‘കേരളത്തിൽ അങ്ങനെ തന്നെ. ഒരു തവണ കമ്യൂണിസ്‌റ്റ്. അടുത്ത തവണ കോൺഗ്രസ്’.
? എങ്കിൽ പിന്നെ ആർജെഡിക്ക് അവിടെ ഒരു കൈ നോക്കിക്കൂടെ?
ആർജെഡി യൂണിറ്റൊക്കെ ഇപ്പോൾ തന്നെ കേരളത്തിലുണ്ട്. പക്ഷേ ശ്രദ്ധകൊടുക്കാൻ പറ്റിയിട്ടില്ല. വരട്ടെ നോക്കാം.